സിംസ് പദ്ധതിയിൽ പോലീസിന് കുരുക്ക് മുറുകുന്നു; പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗ്യാലക്‌സോൺ തട്ടിക്കൂട്ട് കമ്പനിയെന്ന ആരോപണം ബലപ്പെടുന്നു

Jaihind News Bureau
Friday, February 14, 2020

സിംസ് പദ്ധതിയിൽ പോലീസിന് കുരുക്ക് മുറുകുന്നു. ഗ്യാലക്‌സോൺ കമ്പനിയെ പദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ കൂടുതൽ ദുരൂഹത. മികച്ച ട്രാക് റെക്കോർഡ് ഇല്ലെന്നിരിക്കെ പോലീസും കെൽട്രോണും കമ്പനിയെ തെരഞ്ഞെടുത്തതിലാണ് ദുരൂഹത. ഗ്യാലക്‌സോൺ തട്ടിക്കൂട്ട് കമ്പനിയെന്ന ആരോപണവും ബലപ്പെടുകയാണ്.

പോലീസ് മേധാവി ലോകനാഥ് ബെഹ്റയ്ക്ക് അടക്കം വകുപ്പിനെതിരായി സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പോലീസുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികൾ സംശയത്തിന്റെ നിഴലിലായത്. ഇതോടെ സംസ്ഥാന പൊലീസ് വകുപ്പിന്റെ സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കരാർ ഏറ്റെടുത്തിരിക്കുന്ന ഗാലക്‌സോൺ കമ്പനി ഡയറക്ടേഴ്‌സായ 3 പേരിൽ 2 പേരും അയോഗ്യരാണെന്നാണ് പുതിയ വിവരം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് ഇവരെ അയോഗ്യരാക്കിയിരിക്കുന്നത്. കെൽട്രോൺ ടെൻഡർ രേഖകളിൽ പിഴവ് നടന്നതായും തെളിവുകളുണ്ട്.

സംസ്ഥാന പൊലീസ് വകുപ്പിന്‍റെ സിംസ് പദ്ധതിയുമായി ബന്ധപെട്ട് 2017 ജൂലൈ 10 നാണ് ഗാലക്‌സോൺ കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നത്. വെറും മൂന്നു വർഷം മാത്രം പ്രവൃത്തി പരിചയമാണ് കേരളത്തിൽ ഈ കമ്പനിക്കുള്ളത്. സ്വകാര്യ കമ്പനിയ്ക്ക് നേട്ട മുണ്ടാക്കിക്കൊടുക്കുന്ന നിലപാട് പോലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടാകുന്നു എന്ന ആരോപണം ഇതോടെ ശക്തമായി.

ഇങ്ങനെ യോഗ്യരല്ലാത്ത ഡയറക്ടർമാറുള്ള കമ്പനിക്കാണ് സംസ്ഥാന പൊലീസ് വകുപ്പിന്‍റെ സിസിടിവി നിരീക്ഷണത്തിനുള്ള സിംസ് പദ്ധതിയുടെ നടത്തിപ്പിന് കരാർ നൽകിയതെന്നതും ശ്രദ്ധേയമാണ്. ടെൻഡർ ഡോക്യൂമെന്റിലും പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.. സിംസിന്റെ ടെൻഡർ സ്വീകരിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ നൽകിയത് 2019 ലാണ്. എന്നാൽ ടെൻഡർ സ്വീകരിക്കുന്നത്തിനുള്ള അവസാന തിയതി 2018 ജൂലൈ 31നാണെന്നാണ് രേഖപെടുത്തിയിരിക്കുന്നത്. ടെൻഡർ നടപടിയിൽ കൃത്രിമം കാണിച്ചതും ഗാലക്സോൺ കമ്പനിയെ സഹായിക്കാനാണെന്ന ആരോപണം ഇതൊടെ ശരിയാണെന്ന് തെളിഞ്ഞു.

ടെൻഡറുമായി ബന്ധപെട്ട് കൂടുതൽ പരിശോധന ഉണ്ടായാൽ കൂടുതൽ ദുരൂഹതകൾ പുറത്ത് വരികയും ഡിജിപിക്ക് പുറമെ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരും.