വിവാദങ്ങള്‍ വിട്ടൊഴിയാതെ മന്ത്രി കെടി ജലീൽ

മന്ത്രി കെടി ജലീൽ വ്യാജരേഖയുണ്ടാക്കി, ആൾമാറാട്ടം നടത്തി ശമ്പളം കൈപ്പറ്റുന്നതായി രേഖകൾ. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിൽ, ഇല്ലാത്ത പൂന്തോട്ടക്കാരിയുടെ പേരുപറഞ്ഞ് മന്ത്രി സംസ്ഥാന ഖജനാവിനെ കട്ടുമുടിപ്പിക്കുന്നു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ബന്ധുനിമയമന വിവാദത്തിനുപിന്നാലെ നിരവധി ആക്ഷേപങ്ങളും, പരാതികളും മന്ത്രിയെ വിടാതെ പിന്തുടരുകയാണ്.

മലപ്പുറത്തെ വീട്ടമ്മ രണ്ട് വർഷമായി മന്ത്രി കെ ടി ജലീലീന്‍റെ തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നാണ് വിവരാവകാശ രേഖകൾ. എന്നാൽ ഈ വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടേയും ജോലിക്ക് പോകാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. മന്ത്രിയുടെ സുഹൃത്തും, കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ജനതാദൾ നേതാവിന്റെ ഭാര്യയാണ് രേഖകളിൽ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണിയെടുക്കുന്നത്. മാസം 17000ത്തിലധികം രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഇവർക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും, ആരാണ് ശമ്പളം കൈപ്പറ്റുന്നത് എന്ന് വ്യക്തമല്ല.

ഔദ്യോഗിക വസതിയായ ഗംഗയിൽ പൂന്തോട്ടം പരിചാരികയായാണ് തൊഴുവന്നൂർ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പറയുന്നത്. ഇവർ അടക്കം 3പേരാണ് മന്ത്രി മന്ദിരത്തിൽ പൂന്തോട്ടം പരിചരിക്കാൻ മാത്രമുള്ളത്.

എന്തായാലും ബന്ധുനിയമനം കൂടാതെ നിരവധി പരാതികളാണ് ഓരോ ദിവസവും മന്ത്രി കെടി ജലീലിനെതിരെ പുറത്തുവരുന്നത്. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ അയോഗ്യതയെ തുടർന്ന് തഴഞ്ഞ രണ്ട് പേർക്കും തിരുവനന്തപുരം, കാസർക്കോട് മേഖലാ ഒഫീസുകളിൽ ഡെപ്യുട്ടി ജനറൽ മാനേജർമാരായി നിയമനം നൽകിയതും, ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ സ്വകാര്യ സർവ്വകലാശാലയുടെ ക്യാമ്പസ് തുടങ്ങാൻ ജലീൽ അനുമതി നൽകിയതും, കിലയിൽ ചട്ടങ്ങൾ അട്ടിമറിച്ച് 10 പേർക്ക് നിയമനം നൽകിയതും, അഴിമതിയുടെ പേരിൽ സർവ്വീസിൽനിന്നും നീക്കിയ ജീവനക്കാരനെ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെടുത്തതും, ഭാര്യക്ക് സീനിയോരിറ്റി മറികടന്ന് ഹയർസെക്കണ്ടറി പ്രിൻസിപ്പലായി നിയമനം നൽകാൻ പ്രേരിപ്പിച്ചതുമടക്കം നിരവധി പരാതികൾ മന്ത്രി കെടി ജലീലിനെതിരെ ഉയർന്നുവന്നിട്ടുണ്ട്.

എന്നാൽ കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുത്തുന്നതാണ് പരാതികളിൻമേൽ നടപടിയെടുക്കാതേയും, പ്രതികരിക്കാതെയുമുള്ള മുഖ്യമന്ത്രിയുടെ മുന്നോട്ട് പോക്ക്.

KT JaleelForgerypinarayi vijayancorruption
Comments (0)
Add Comment