തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ പീഡന പരാതി ഒതുക്കാൻ ശ്രമം

Jaihind Webdesk
Thursday, December 15, 2022


തിരുവനന്തപുരം:
മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്സ് വിഭാഗം സൂപ്രണ്ട് ഹരികുമാറിനെതിരെ ആശുപത്രി ജീവനക്കാർ നൽകിയ പീഡന പരാതി ഒതുക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൽ കേസ് ഷീറ്റുകൾ എടുക്കാന്‍ പോയ വനിതാ ജീവനക്കാരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നോക്കുകയും ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. മേലധികാരിയായ പിആർഒ ഗോപികയെ പരാതി അറിയിച്ചെങ്കിലും അത് പൂഴ്ത്തിവെച്ചതായാണ് ആക്ഷേപം.

ജീവനക്കാരെ മാനസികമായും ശരീരികമായും പീഡിപ്പിക്കുന്നെന്ന് കാണിച്ച് പിആർഒ ഗോപികയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. പിആർഒയുടെ ബന്ധുക്കൾ, അയൽവാസികൾ, പരിചയക്കാർ തുടങ്ങിയവർക്ക് ആശുപത്രിയിൽ വഴിവിട്ട് സഹായം ചെയ്യുന്നതായും അവരുടെ ആശ്രിതജോലി ചെയ്യിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഒപി ടിക്കറ്റ് എടുപ്പിക്കുക, ക്യൂ ഒഴിവാക്കി ഡോക്ടറെ കാണിക്കുക, യൂറിൻ ഉൾപ്പെടെയുള്ള ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിളുകൾ ലാബിൽ കൊടുപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നത് പതിവാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ആവുന്ന ഇവരുടെ വേണ്ടപ്പെട്ടവർക്ക് പാതിരാത്രിയിൽ പോലും ബെഡ്ഷീറ്റ്, തലയണ ഉൾപ്പെടെയുള്ള സാധനങ്ങൾ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ പോയി വാങ്ങിപ്പിക്കുകയും ഇവർക്ക് വേണ്ടുന്ന ഭക്ഷണങ്ങൾ കടയിൽനിന്ന് വാങ്ങിപ്പിക്കുകയും കഴിക്കുന്ന പാത്രങ്ങൾ കഴുകിപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചാല്‍ മെമ്മോ നല്‍കുന്നതായും ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായും ജീവനക്കാർ പറയുന്നു. നിരന്തരമായി ഇവരെ ആക്ഷേപിക്കുകയും വളരെയധികം മോശമായ രീതിയിൽ പെരുമാറുകയും ചെയ്യുമെന്നും ജീവനക്കാർ പരാതിയില്‍ പറയുന്നു.

ഇക്കാരണങ്ങൾ കാണിച്ച് മുമ്പും ആശുപത്രി സൂപ്രണ്ടിനും ലേ സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും താക്കീത് നൽകി പരാതി ഒതുക്കുകയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പിആർഒ ആയിരുന്ന ഗോപിക മൂന്നുമാസം ലീവ് എടുത്ത് അമേരിക്കയിൽ ഭർത്താവിനൊപ്പം ഉല്ലാസയാത്രയ്ക്കായി പോയിരുന്നു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാതെ 9 മാസം കഴിഞ്ഞാണ് ദിവസ വേതന ജീവനക്കാരിയായ ഗോപിക തിരിച്ചു ജോലിയിൽ പ്രവേശിച്ചത്. മന്ത്രിയുടെ പ്രത്യേക ഉത്തരവിന്‍ പ്രകാരമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. മന്ത്രി അടക്കമുള്ളവരുമായി ബന്ധമുള്ള ഇവർക്കെതിരെ നടപടി എടുക്കാതെ പരാതി പൂഴ്ത്തിവെച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർക്ക്  16 വനിതാ ജീവനക്കാർ പരാതി ഒപ്പിട്ടു നൽകിയെങ്കിലും ഒരു മാസമായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.