തൃപ്പൂണിത്തുറ കസ്റ്റഡി മരണം ശരിയായി അന്വേഷിച്ചാല്‍ കൊലപാതകമാണെന്ന് തെളിയും; മനോഹരന്‍റെ ഭാര്യക്ക് സർക്കാർ ജോലി നല്‍കണമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, March 28, 2023

കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യാഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. മരണപ്പെട്ട മനാഹരന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഭാര്യക്ക് ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോഹരന്‍റെ മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നു വരുത്താൻ പോലീസ് ശ്രമിക്കുകയാണെന്നും നീതിബോധമുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ ഇത് കൊലപാതകമാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇടത് അനുഭാവികളാണെന്നും കേസുകൾ അട്ടിമറിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണെന്നും കെ സുധാകരൻ എംപി ആരോപിച്ചു.

സംസ്ഥാനത്ത് സമരം ചെയ്യുന്നവരെ ഇത്രയും ക്രൂരമായി അക്രമിക്കുന്ന പോലീസ് സംവിധാനം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾ അടക്കമുള്ളവരെ പുരുഷ പോലീസുകാർ മർദ്ദിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചത് പ്രാകൃത രീതിയിലാണെന്നും ഇത്തരം സമീപനവുമായി അഞ്ച് വർഷം തികയ്ക്കാമെന്ന് സർക്കാർ കരുതരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസിനകത്തെ പഴയ ഡിവൈഎഫ്ഐക്കാരെ പ്രത്യേകം തെരഞ്ഞെടുത്ത് മർദ്ദനത്തിനായി ഉപയോഗിക്കുകയാണെന്നും കെ സുധാകരൻ എംപി കുറ്റപ്പെടുത്തി.