വി പ്രതാപചന്ദ്രന് നാടിന്‍റെ ആദരാഞ്ജലി… സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്

 

തിരുവനന്തപുരം: അന്തരിച്ച കെപിസിസി ട്രഷറർ അഡ്വ. വി പ്രതാപചന്ദ്രന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് കെപിസിസിയിലും പ്രസ് ക്ലബ്ബിലും ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. മണക്കാടിന് സമീപം പുത്തൻകോട്ട ശ്മശാനത്തിലാണ് അന്ത്യവിശ്രമം. രാവിലെ തിരുവനന്തപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.

മാധ്യമപ്രവർത്തകനും അഭിഭാഷകനും രാഷ്ട്രീയ നേതാവുമായി അഞ്ചര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അഡ്വ. വി പ്രതാപചന്ദ്രൻ. പുലർച്ചെ അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗവാർത്ത അറിഞ്ഞതോടെ പാർട്ടി പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാ തുറകളിൽ ഉള്ള നൂറുകണക്കിന് പേർ ആയുർവേദ കോളേജിന് സമീപത്തെ അദേഹത്തിന്‍റെ വസതിയിലേക്ക് എത്തി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ യുഡിഎഫ് കൺവീനർ എം.എം ഹസൻ, കെപിസിസി, ഡിസിസി ഭാരവാഹികൾ, മന്ത്രിമാർഎംഎൽഎമാർ, മത മേലധ്യക്ഷന്മാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടനവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മണക്കാടിനു സമീപം പുത്തൻകോട്ട ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും. അതിനു മുമ്പ് കെപിസിസി ഓഫീസിലും പ്രസ് ക്ലബ്ബിലും വഞ്ചിയൂർ കോടതിയിലെ ബാർ അസോസിയേഷൻ ഹാളിലും ഭൗതികശരീരം പൊതുദർശനത്തിന് വെക്കും.

വി പ്രതാപചന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗികപരിപാടികളും മാറ്റിവെച്ച് കെപിസിസി മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ അഞ്ചര പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന പ്രതാപചന്ദ്രന്‍റെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ധിഷണാശാലിയായ മറ്റൊരു നേതാവിനെ കൂടിയാണ് നഷ്ടപ്പെടുന്നത്.

Comments (0)
Add Comment