ഇടുക്കി നെടുങ്കണ്ടത്ത് കാറിന് മുകളിലേക്ക് മരവും വൈദ്യുതപോസ്റ്റും വീണു. കോമ്പയര്‍ – ഉടുമ്പന്‍ചോല റോഡില്‍ ബോജന് കമ്പനിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന നെടുങ്കണ്ടം സ്വദേശി പുതുവിളാക്കല് സിനോജിന്റെ കാറിനാണ് കേടുപാടുകള്‍ സംഭവിച്ചത്. കാര്‍ നിര്‍ത്തി സിനോജ് കൃഷിയിടത്തിലേക്ക് പോയതിന് തൊട്ട് പിന്നാലെയാണ് മരം കടപുഴകി വീണത്.
റോഡരികില്‍ നിന്ന വന്മരമാണ് കടപുഴകി വീണത്. സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിലേക്ക് മരം വീണതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം മേഖലയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരം നാട്ടുകാരുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.