സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം

സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർത്തു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംയുക്ത സമര സമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

നിർബന്ധിച്ച് ഒരു സ്ഥാപനങളും അടപ്പിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പണിമുടക്കിൽ പ്രാവർത്തികമായില്ല എന്നതിന് തെളിവാണ് സംയുക്ത സമര സമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെ ആക്രമണമുണ്ടായത്.

പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി.

തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാർ. എന്നാൽ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. തുടർന്ന് മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്ന് ബാങ്ക് മാനേജർ വ്യക്തമാക്കി.

കന്‍റോൺമെന്‍റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ബാങ്കിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസിടിവിയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്. ഡിസിപി ചൈത്ര തെരേസ ജോൺ സ്ഥലത്തെത്തി പരിശോധന നടത്തി. സെക്രട്ടേറിയറ്റിന്‍റെ ഈ ഭാഗത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നില്ല എന്നത് പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി.

സമരപ്പന്തലിലുണ്ടായിരുന്ന ആളുകൾ തന്നെയാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം.  അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും വാഗ്ദാനം ചെയ്തതെല്ലാം പാഴ്‍വാക്കാകുന്നതാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.

sbiAttackStatue
Comments (0)
Add Comment