കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആര്‍ഭാടം

Jaihind Webdesk
Monday, May 6, 2019

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആർഭാടം വിടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിനും അംഗങ്ങൾക്കും ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതി പണിയുന്നു.

ബോർഡ് ആസ്ഥാനത്ത് നിർമ്മിക്കുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടൽ കഴിഞ്ഞ 30 ന് നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ശബരിമല വിവാദങ്ങളെത്തുടർന്ന് ദേവസ്വത്തിന്റെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. തിരുവതാംകൂർ ദേവസ്വം ബോർഡിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക സഹായമാണ് നിലവിൽ ഏക ആശ്രയം.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് കുറക്കാൻ അക്കൗണ്ട്സ് ഓഫീസർ ജനുവരി 30ന് തന്നെ നിർദ്ദേശം നൽകിയിരുന്നു. വരുന്ന ഒരു വർഷത്തേക്ക് പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്നായിരുന്നു അക്കൗണ്ട്സ് ഓഫീസറുടെ റിപ്പോർട്ട്.

ഇതിനെ അവഗണിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നേരത്തെയെടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്സ്മാൻ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നിർമാണമെന്നും അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി.