കെഎസ്ആർടിസിയെ കൈവിട്ട് സർക്കാർ; ശമ്പളക്കാര്യത്തില്‍ ഇനി സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഗതാഗതമന്ത്രി

Jaihind Webdesk
Tuesday, May 10, 2022

തിരുവനന്തപുരം : കെഎസ്ആർടിസിയെ വീണ്ടും കയ്യൊഴിഞ്ഞ് സർക്കാർ. ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. പത്താം തീയതി ശമ്പളം നൽകാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്നുകൂടി ശമ്പളം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് തൊഴിലാളി നേതാക്കളുടെ തീരുമാനം.

നൂറ് പൊതുമഖല സ്ഥാനപങ്ങളില്‍ ഒന്നുമാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റാണെന്നും ആന്‍റണി രാജു പറഞ്ഞു. ഏപ്രിലിലെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ആകെ 85 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. സര്‍ക്കാർ മാസംതോറും നല്‍കുന്ന 30 കോടി ഇന്നലെ നല്‍കിയിരുന്നു. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പയ്ക്കായുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.