നട തുറന്ന് ആദ്യ രണ്ടു ദിവസത്തെ ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വർഷത്തേക്കാൾ വര്‍ദ്ധന

നട തുറന്ന് ആദ്യ രണ്ടു ദിവസത്തെ ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വർഷത്തേക്കാൾ വര്‍ദ്ധനവ്. ഇന്നും ശബരിമലയിൽ നിരവധി ഭക്തരാണ് ദർശനത്തിനായി എത്തുന്നത് .

മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ ശബരിമലയിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 കോടിയുടെ അധിക വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ.വാസു പറഞ്ഞു.

ഇന്നലെയും ഇന്നുമായി സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ദർശനത്തിനെത്തുന്നവർ ഏറെയും അന്യ സംസ്ഥാന ഭക്തരാണ്.രാവിലെ ശരംകുത്തി വരെ ഭക്തരെ നിയന്ത്രിച്ച്‌ നിറുത്തിയ ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.

കഴിഞ്ഞ വർഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ഉണ്ടായ പ്രശ്നങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ വലിയ തോതില്‍ ബാധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഭക്തരുടെ കുറവുമൂലം 1​​00 കോടിയോളം രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. ആദ്യ ദിനത്തെ വരുമാനം തുടര്‍ന്നുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

Sabarimala
Comments (0)
Add Comment