കണ്ണൂര്‍ : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. പ്രതി യു പി ഘാസിയാബാദ് നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെന്ന് പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തിവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു.
പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഫോൺ നമ്പറും കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്‍റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. ട്രെയിനിലുണ്ടായിരുന്ന ദൃക്സാക്ഷി റാസിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താൻ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാസിക്ക് സ്ഥിരീകരിച്ചു.
ട്രെയിനിൽ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകൾ ചുമത്തി റെയിൽവേ പോലീസ് കേസെടുത്തു. പ്രതിയ്ക്ക് മാവോയിസ്റ്റ്- തീവ്രവാദബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട് .
സാഹചര്യത്തെളിവുകൾ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തിൽ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്ന് കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണ്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ രേഖാചിത്രവുമായി സാമ്യമുള്ള ആൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെന്ന സൂചനയെ തുടർന്ന് പൊലീസ് കണ്ണൂർ ജില്ല ആശുപത്രിയിലെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ പ്രതി ജില്ല ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് പൊലീസ് പരിശോധനയിൽ തെളിഞ്ഞു. അതെ സമയം പ്രതി കേരള സംസ്ഥാനം വിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.