ട്രാഫിക് നിയമലംഘനം: പിഴ തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച നിലപാടില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. വാഹന നിയമ ലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മോട്ടോര്‍ വാഹന ഭേദഗതി കോണ്‍കറന്റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനും നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. സുരക്ഷയുള്ള റോഡുകളുണ്ടാവുക, അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  മാട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാനിരിക്കുകയായിരുന്നു. വന്‍ പിഴത്തുക ഈടാക്കുന്നത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച എട്ട് സംസ്ഥാനങ്ങളുടെ നടപടി നിയമപരമായി പരിശോധിച്ച ശേഷം സമാനമായ നിലപാടെടുക്കാന്‍ കഴിയുമോ എന്നതില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയത്.

വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ ഗുജറാത്തില്‍ പുതിയ പിഴ സംവിധാനം നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്ര നിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിനന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.

Comments (0)
Add Comment