ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കണമെന്ന നിർദ്ദേശം ഗതാഗത വകുപ്പ് യോഗത്തിൽ മുന്നോട്ട് വെച്ചേക്കും.
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി കേരളം നടപ്പാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന താല്ക്കാലികമായി നിർത്തിവെച്ചു. പിഴ കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയില്ല. സംസ്ഥാനത്തിന് തീരുമാനമെടുക്കാൻ കഴിയുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും.