‘സിപിഎം പോകുന്നത് തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക്’; ടി.പി. കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി; പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശക്തമായ പ്രതിഷേധം നടത്തും; വി.ഡി. സതീശൻ

 

എറണാകുളം: ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനെ ശക്തമായി എതിർക്കും. കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രമായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.

ടി.പി. കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ചെയ്തു കൊടുത്തിരിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും ഉള്‍പ്പെടെ എല്ലാം എത്തിച്ചു നല്‍കുന്നുണ്ട്. ജയിലില്‍ കിടന്നു കൊണ്ടു തന്നെ ഈ പ്രതികള്‍ക്ക് കൊട്ടേഷനുകള്‍ പിടിക്കാനും കൊട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകാനും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളാകാനുമുള്ള അവസരങ്ങളും പോലീസും ജയില്‍ അധികൃതരും ചെയ്തു കൊടുക്കുന്നുണ്ട്. പരോളിന് പോലും അര്‍ഹതയില്ലാത്ത കൊടും ക്രിമിനലുകളെ ശിക്ഷയില്‍ ഇളവ് നല്‍കി പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്നത് കേരളത്തിന്‍റെ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .

തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും പാഠം പഠിക്കാനോ തെറ്റു തിരുത്താനോ തയാറാകാതെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് സിപിഎം വീഴുന്നത്. ഈ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആ ചെറുത്ത് നില്‍പിന് മുന്നില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും മുന്‍പന്തിയിലുണ്ടാകുമെന്നും വി.ഡി. സതീഷന്‍ കൂട്ടിചേര്‍ത്തു.

അതേസമയം സിപിഎം ഇപ്പോഴും ബോംബ് നിര്‍മ്മാണം തുടരുകയാണ്. കണ്ണൂരില്‍ നിരപരാധിയായ വയോധികനാണ് കൊല ചെയ്യപ്പെട്ടത്. നിരവധി കുട്ടികളും നിരപരാധികളുമായ മനുഷ്യരുമാണ് സിപിഎമ്മിന്‍റെ ബോംബിന് ഇരകളായത്. ഇപ്പോഴും അപരിഷ്‌കൃത സമൂഹത്തിലേതു പോലെയാണ് സിപിഎം ബോംബ് നിര്‍മ്മിക്കുന്നതും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതും. ഇന്നും  ഇവര്‍ ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് സിപിഎം ഒന്നും പഠിച്ചിട്ടില്ലെന്നും ഇപ്പോഴും ബോംബ് ഉണ്ടാക്കുകയും  ക്രിമിനലുകളെ സംരക്ഷിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ശിക്ഷാഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണുള്ളത്? ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

6 ജില്ലകളിൽ പ്ലസ് വണ്‍ സീറ്റ്‌ പ്രതിസന്ധി ഉണ്ട്. ഹയർ സെക്കൻണ്ടറി വിദ്യാഭ്യാസത്തിന്‍റെ നിലവാരം തകർന്നു. പൊന്നാനി താലൂക്കിലെ പാവപ്പെട്ട കുട്ടിക്ക് ഏറനാട് താലൂക്കിലെ നിലമ്പൂരില്‍ അഡ്മിഷന്‍ കിട്ടിയിട്ട് കാര്യമുണ്ടോ? സ്‌റ്റേറ്റ് യൂണിറ്റാക്കുന്നതിന് പകരം താലൂക്ക് യൂണിറ്റ് ആക്കണമെന്ന് പ്രതിപക്ഷം മുമ്പേ ആവശ്യപ്പെട്ടതാണ്. പത്ത് കിലോമീറ്റര്‍ ദൂരപരിധിയിലെങ്കിലും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടണം. ആദ്യ അലോട്ട്‌മെന്‍റില്‍ മാത്രം മലപ്പുറത്ത് പതിനേഴായിരം സീറ്റുകളാണ് ബാക്കി വന്നത്. കുട്ടികള്‍ ചേരാത്തതു കൊണ്ടാണ് സീറ്റുകള്‍ ബാക്കിയായതെന്നും മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കുന്നതിന് പകരം ബാച്ചുകളുടെ എണ്ണമാണ് കൂട്ടേണ്ടതെന്നും  ഇതിനെതിരെയെല്ലാം ശക്തമായ പ്രതിഷേധം നടത്തുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു

ഒ. ആർ. കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ദേവസ്വം പോലുള്ള ഒരു വകുപ്പ് കേളുവില്‍ നിന്നും മാറ്റാന്‍ പാടില്ലായിരുന്നു. കൊടിക്കുന്നില്‍ സുരേഷിനെ പോലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്‍റ് അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അതേ നിലപാടാണ് ഒ.ആര്‍. കേളുവിനോട് സംസ്ഥാന സര്‍ക്കാരും കാട്ടിയത്. അര്‍ഹതപ്പെട്ട സ്ഥാനമാണ് കൊടിക്കുന്നിലിന് നിഷേധിക്കപ്പെട്ടത്. മോദിയുടെ അതേ നിലപാട് തന്നെയാണ് കേരളത്തിലും നടന്നത്. കൊടിക്കുന്നിലിനെ അവഗണിച്ചതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും  സതീശൻ പറഞ്ഞു.

Comments (0)
Add Comment