കൊടി സുനിക്കും കൂട്ടു പ്രതികൾക്കും മദ്യസേവയ്ക്കടക്കം സഹായം ; 3 പൊലീസുകാർക്ക് സസ്പെൻഷൻ

Jaihind News Bureau
Friday, February 26, 2021

 

കണ്ണൂർ  : ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് വഴിവിട്ട് സഹായം നൽകിയെന്ന ആരോപണത്തിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. നിലവില്‍ പൂജപ്പുര സെൻട്രൽ ജയിലിലാണ്  കൊടി സുനി. കണ്ണൂർ കോടതിയിൽ മറ്റു ചില കേസുകൾക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും എസ്കോർട്ട് ഡ്യൂട്ടിക്കു പോയ പൊലീസ് വഴിവിട്ടു സഹായം നൽകിയത്.

തിരുവനന്തപുരത്തുനിന്നും ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ടു പോകാൻ കണ്ണൂരിൽ നിന്നു കൂട്ടാളിയെത്തിയിരുന്നു. അപ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്നു പ്രതികള്‍.  ആലപ്പുഴ, തൃശൂർ തുടങ്ങി പല റെയിൽവേ സ്റ്റേഷനിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു മദ്യപാനം. ചില സ്റ്റേഷനിൽ എസി വിശ്രമ കേന്ദ്രത്തിലും പ്രതികൾ കയറി. കൂടെയുണ്ടായിരുന്നു പൊലീസുകാർക്കും പ്രതികൾ ഭക്ഷണം നൽകി.

പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസിനെ അനുവദിച്ചില്ല. സാധാരണ യാത്രക്കാർ എന്ന പോലെയായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാർ ദൂരെ മാറി ഇരിക്കണം. മടക്കയാത്രയും ഇങ്ങനെ തന്നെ. ഇതു സ്ഥിരമാണെന്നും  സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി.