തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു: 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Jaihind News Bureau
Saturday, January 17, 2026

 

കല്ലമ്പലം നാവായിക്കുളം യെദുക്കാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തൃശ്ശൂര്‍ കൊടകരയിലെ സഹൃദയ എം.ബി.എ കോളേജില്‍ നിന്നും പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

ദേശീയപാതയില്‍ ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് ബസ് വന്നത്. റോഡരികിലെ മണ്ണില്‍ ബസ്സിന്റെ ചക്രങ്ങള്‍ പുതഞ്ഞുപോയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസ് ചരിയുകയായിരുന്നു. അപകടസമയത്ത് 40-ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും ബസ്സിലുണ്ടായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടനടി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.