കണ്ണീരുണങ്ങാതെ കവളപ്പാറ; ദുരന്ത സ്മരണയ്ക്ക് ഇന്ന് രണ്ട് വയസ്

 

മലപ്പുറം : 59 ജീവനുകൾ കവർന്ന കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ട് ആണ്ട് പൂർത്തിയാവുകയാണ്. ഉറ്റവരെയും, വീടുകളും നഷ്ടപ്പെട്ട ദുരിതബാധിതരിൽ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. സർക്കാർ പുനരധിവാസം പൂർണ്ണമായില്ലെങ്കിലും സന്നദ്ധ സംഘടനകൾ ധാരാളം വീടുകൾ വെച്ച് നൽകിയിട്ടുണ്ട്.

ഒരു മനുഷ്യായുസിലെ സ്വപ്നങ്ങളാണ് രണ്ട് വർഷം മുമ്പ് ഇവിടെ ഒലിച്ചുപോയത്. തകൃതിയായി പെയ്ത മഴയിൽ ഒരു ദയയുമില്ലാതെ മുത്തപ്പൻ കുന്നാകെ ഒലിച്ചിറങ്ങിയപ്പോൾ കവളപ്പാറയിൽ നഷ്ടമായത് 100 കണക്കിന് വീടുകളും 59 ജീവനുകളും. 2 വർഷമായിട്ടും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കണ്ണീരുണങ്ങാത്ത കഥന കഥകൾ പറയാനേറെയുണ്ട്. ദുരന്തത്തിൽ ജീവനും കൊണ്ട് ഓടിയ പലർക്കും ഇപ്പോഴും ആഘാതം വിട്ടുമാറിയിട്ടില്ല.

കവളപ്പാറയയ്ക്കൊപ്പം കുത്തിയൊലിച്ചുപോയ പാതാറിനും പറയാനുള്ളത് കണ്ണീർ വറ്റാത്ത മനുഷ്യരുടെ നൊമ്പരങ്ങളും വേദനകളുമാണ്. എന്നാൽ ഇവിടെ മനുഷ്യ ജീവന് നാശം സംഭവിച്ചില്ലെങ്കിലും സ്വരുക്കൂട്ടി വച്ച സമ്പാദ്യങ്ങൾ പാതാറിലെ ജനങ്ങൾക്ക് നഷ്ടമായി. നഷ്ടപരിഹാരങ്ങളും, പുനരധിവാസ പാക്കേജുകളുമെല്ലാം വാക്കുകളിലൊതുങ്ങി. കലിതുള്ളിയെത്തിയ മഴയ്‌ക്കൊപ്പം മുത്തപ്പൻ കുന്നും സംഹാര താണ്ഡവമാടിയപ്പോൾ സർവനാശം സംഭവിച്ചവരെ കാണാൻ ആദ്യ നാളുകളിൽ ഒട്ടേറെപേരെത്തിയിരുന്നു. പുനരധിവാസത്തിനായി പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ റീ ബിൽഡ് നിലമ്പൂർ എന്ന പേരിൽ ഫണ്ട് സമാഹരണം കൃത്യമായി നടന്നെങ്കിലും പ്രവർത്തനങ്ങൾ മാത്രം നടന്നില്ല.

Comments (0)
Add Comment