അവസാനശ്വാസം വരെ ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ പോരാടും :ശ്വേത ഭട്ട്

Jaihind Webdesk
Friday, June 21, 2019

അവസാനശ്വാസം വരെ ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ പോരാടുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട്.  രാജ്യത്തിന്‍റെ യാത്ര ഇരുളടഞ്ഞ കാലത്തിലേക്കാണ്.  ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവിനെ ശിക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പില്‍ ഭരണകൂടത്തിന്‍റെ പീഡനങ്ങള്‍ കാര്യകാരണസഹിതം ശ്വേത ചൂണ്ടിക്കാണിക്കുന്നു.

2002- ലെ ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന് പുറത്താക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആയിരിക്കെ 1990 ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് നടന്ന ഒരു വര്‍ഗീയസംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു.  അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ട ശേഷം പിന്നീട് ആശുപത്രിയില്‍ മരിച്ചുവെന്നതാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാട്ടി ഇത് തെറ്റാണെന്ന് ശ്വേത സമര്‍ത്ഥിക്കുന്നു.

 

 

എന്നാല്‍ കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് അവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ജൂണ്‍ 12-ന് സുപ്രീം കോടതി തള്ളിയിരുന്നു. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഇപ്പോള്‍ ജയിലിലാണ് ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സംസാരിച്ചതിന്‍റെ പേരില്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. 2015- ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

തന്‍റെ ഭര്‍ത്താവിനെ പിന്തുണയ്ക്കാതിരുന്ന ഐ.പി.എസ് അസോസിയേഷനെതിരെയും ശ്വേത തുറന്നടിക്കുന്നുണ്ട്.  ” ഐ.പി.എസ് അസോസിയേഷന്‍കാരോട് ഒരു വാക്ക്, നിങ്ങളുടെ ആളാണ് ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായതിന്റെ പേരില്‍ പകപോക്കലിനിരയായിട്ടുള്ളത്. നിങ്ങളദ്ദേഹത്തെ പിന്തുണച്ചില്ല. സംരക്ഷിച്ചില്ല. ഈ ഭരണകൂടത്തിനെതിരെ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും മൂകസാക്ഷികളായി തുടരുമോയെന്നാണ് എനിക്കുള്ള ചോദ്യം. വളരെ ഇരുണ്ട ഒരു കാലത്തേക്കാണ് രാജ്യം പോകുന്നത്. ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക എന്ന് മാത്രമാണ് നോക്കുന്നത്. ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ?…” ശ്വേത തുടരുന്നു…. ഇന്ന് ഞങ്ങളാണ് ഇരയായത് നാളെ അത് നിങ്ങളാകാം എന്നും ശ്വേത ഓര്‍മ്മിപ്പിക്കുന്നു.