സമരപഥങ്ങളില്‍ വീറോടെ കെഎസ്‌യു; കെഎസ്‌യുവിന്‍റെ 67 ആം സ്ഥാപക ദിനം ഇന്ന്

Jaihind Webdesk
Thursday, May 30, 2024

 

ആലപ്പുഴയുടെ സമരഭൂമിയില്‍ കെഎസ്‌യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 67 വര്‍ഷങ്ങള്‍ പിന്നിടുന്നു. വിമോചന സമരത്തിലൂടെ ഒരു സര്‍ക്കാരിനെ തന്നെ താഴെ ഇറക്കിയ പ്രസ്ഥാനം കലാലയങ്ങള്‍ കോട്ടകള്‍ ആകുന്ന ഈ കാലഘട്ടത്തിലും വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷയാണ്.

1957 ല്‍ ആലപ്പുഴയില്‍ രൂപം കൊണ്ട കെഎസ്‌യു ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാര്‍ത്ഥി സംഘടനയാണ്. സ്വാതന്ത്ര്യസമര കാലത്ത് വിദ്യാര്‍ത്ഥി മൂവ്‌മെന്‍റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന രീതിയില്‍ രൂപം കൊണ്ടത് കേരളാ വിദ്യാര്‍ത്ഥി യൂണിയനാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കുലിയുടെ ഇളവിനായി നടത്തി ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരണ സമരത്തിലൂടെയായിരുന്നു കെഎസ്‌യുവിന്‍റെ വിദ്യാര്‍ത്ഥി വിപ്‌ളവ യാത്രയുടെ തുടക്കം. അത് പിന്നീടങ്ങോട്ടുളള ഒരുപാട് സമരമുഖങ്ങളുടെ കാഹളമായിരുന്നു.

ജോര്‍ജ് തരകനും, എ.കെ. ആന്‍റണിയും, വയലാര്‍ രവിയും, എ.സി. ജോസും ഉമ്മന്‍ചാണ്ടിയും രൂപം കൊടുത്ത പ്രസ്ഥാനം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും പൊതുസമൂഹത്തിനും നല്‍കിയ സംഭാവനകള്‍ ഏറെയാണ്. കോളേജ് യൂണിയനുകള്‍ മുതല്‍ സെനറ്റും സിന്‍ഡിക്കേറ്റും വരെ രൂപീകൃതമായതില്‍ കെഎസ്‌യുവിന്‍റെ സമരപോരാട്ടങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ന് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ 90 ശതമാനവും നേടിയെടുത്തതും അവ ഇന്നും സംരക്ഷിക്കുന്നതും കെഎസ്‌യു തന്നെ.

ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം ഒരു ഭരണകുടത്തെ താഴെയിറക്കി. വിമോചന സമരത്തിലൂടെ ഇ.എം.എസ് സര്‍ക്കാരിനെ താഴെ ഇറക്കിയ പ്രസ്ഥാനമാണ് കെഎസ്‌യു. കെഎസ്‌യുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് പിന്നീട് ദേശീയ വിദ്യാര്‍ത്ഥി യുണിയന്‍ എന്‍എസ്‌യുഐ രൂപം കൊളളുന്നത്. എ.കെ. ആന്‍റണിയും, വയലാര്‍ രവിയും, ഉമ്മന്‍ചാണ്ടിയും മുതല്‍ രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും കെ.സി. വേണുഗോപാലും വരെയുളള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികായരെ വാര്‍ത്തെടുത്തത് കേരളാ വിദ്യാര്‍ത്ഥി യൂണിയനാണ്. എം.എം. ഹസ്സനായിരുന്നു (1968-69) കാലഘട്ടത്തിലെ കേരള സര്‍വ്വകലാശാലാ സെനറ്റിലെ ആദ്യത്തെ കെഎസ്യു പ്രതിനിധി. 2022 ഒക്ടോബറില്‍ പുതിയ കെഎസ്യു സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. അലോഷ്യസ് സേവ്യര്‍ പ്രസിഡന്‍റ് ആയും ആന്‍ സെബാസ്റ്റ്യന്‍, മുഹമ്മദ് ഷമ്മാസ് എന്നിവര്‍ വൈസ് പ്രസിഡണ്ട് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഈ പ്രതിസന്ധികളുടെ കാലത്ത് പ്രത്യാശയുടെ രാഷ്ട്രീയമാണ് കെഎസ്‌യു മുന്നോട്ട് വെയ്ക്കുന്നത്. കലാലയങ്ങളില്‍ ആത്മഹത്യാ ശ്രമങ്ങള്‍ പെരുകുമ്പോള്‍ അവിടെ നിന്നും ജനാധിപത്യം തൂത്തെറിയുമ്പോള്‍ ഈ പതാക പ്രതീക്ഷയാണ്.