പട്ടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍; തോക്കേന്തി സംരക്ഷണം ഒരുക്കി രക്ഷിതാവ് | VIDEO

Jaihind Webdesk
Friday, September 16, 2022

കാസർഗോഡ് : തെരുവ് നായ്‌ക്കളുടെ ഭീഷണിയെത്തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത് രക്ഷിതാവ്. കാസർഗോഡ് ബേക്കൽ ഹദാദ് നഗറിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് അകമ്പടിയായി തോക്കേന്തിക്കൊണ്ട് മുന്നിൽ നടക്കുന്ന രക്ഷിതാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഏതെങ്കിലും നായ എത്തിയാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. എയർ ഗണ്ണുമായി മുന്നില്‍ നടന്നാണ് കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. പതിമൂന്നോളം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന് പിന്നിൽ നടക്കുന്നതും വീഡിയോയിൽ കാണാം.

വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനായ വിദ്യാർത്ഥിയെ പട്ടി കടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നത്.

 

https://www.facebook.com/JaihindNewsChannel/videos/1090172198284530