വ്യാജവോട്ട് ഒരു പരിധിവരെ തടയാനായി ; പരാതിയുള്ളിടങ്ങളില്‍ റീപോളിംഗ് വേണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, April 7, 2021

ഹരിപ്പാട് : സംസ്ഥാനത്തെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയതുകൊണ്ട് വ്യാജവോട്ട് ഒരു പരിധി വരെ കുറയ്ക്കാനായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ കണ്ണൂർ പോലെയുള്ള സ്ഥലങ്ങളില്‍ ബൂത്തുപിടിത്തവും കള്ളവോട്ടും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ അഴിമതി സർക്കാരിനെതിരെയാണ് വോട്ട് ചെയ്തത്. പ്രതിപക്ഷം ഉയർത്തിയ വാദങ്ങൾ ജനം ഏറ്റെടുത്തു.  കേരളത്തിൽ പല സ്ഥലങ്ങളിലും സിപിഎം-ബിജെപി ധാരണയുണ്ടെന്നത് സത്യമാണ്. ബാലശങ്കർ പറഞ്ഞ ഡീൽ വളരെ വ്യക്തമാണ്. സ്വപ്‌നം കാണാൻ എല്ലാവർക്കും അവകാശുണ്ട്. പക്ഷെ കേരളത്തിലെ ജനം യുഡിഎഫിനൊപ്പമാണെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. വ്യാജന്മാർ കുറഞ്ഞതാണ് പോളിംഗ് ശതമാനം കുറയാൻ കാരണം.

വ്യാജവോട്ട് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കുന്നു. പരമാവധി വ്യാജവോട്ടുകൾ തടയാൻ കഴിഞ്ഞു. 4,34000 വ്യാജവോട്ടുകൾ ഉണ്ടായിട്ട് ഇതില്‍ 1 ശതമാനം പോലും ചെയ്യാൻ കഴിഞ്ഞില്ല.  മുതിർന്ന സിപിഎം നേതാവ് എംവി ഗോവിന്ദന്‍റെ പ്രസ്താവന കള്ളവോട്ടിനുള്ള ആഹ്വാനമായിരുന്നു. തളിപ്പറമ്പ് മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ ബൂത്തുപിടിത്തം ഉണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം. തളിപ്പറമ്പില്‍ ബൂത്തുപിടിത്തമുണ്ടായ സ്ഥലങ്ങളില്‍ റീപോളിംഗ് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുള്ളത് കുറ്റമറ്റ വോട്ടർ പട്ടിക തയാറാക്കണം. ചില അപാകതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനാവശ്യമായ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയില്‍ ഇനി അപാകതകൾ ഉണ്ടാകാൻ പാടില്ല. സ്ഥലത്തില്ലാത്തവരും മരിച്ചുപോയവർ പോലും ഇപ്പോഴും പട്ടികയിലുണ്ട്. വോട്ടർ പട്ടിക കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്വം  തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം ഇതിനുള്ള നടപടികള്‍  അടിയന്തരമായി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യുഡിഎഫിന്‍റെ ശക്തമായ പ്രവർത്തനവും പ്രവർത്തകരുടെ യോജിപ്പും ഒറ്റക്കെട്ടായ നിലപാടും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. ശബരിമലയിൽ വിഡ്ഡികളാക്കാൻ നോക്കിയ സിപിഎമ്മിന് വിശ്വാസികൾ കനത്ത തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്ത മുഴുവൻ ജനങ്ങളോടും പ്രവർത്തകരോടും അനുഭാവികളോടും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളെയും പ്രതിപക്ഷനേതാവ് അഭിനന്ദിച്ചു.