അപ്രായോഗികമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് ടി.എൻ.പ്രതാപന്‍റെ ഹര്‍ജി

Jaihind News Bureau
Friday, June 26, 2020

അപ്രായോഗികവും നിയമവിരുദ്ധവുമായ നിയന്ത്രണങ്ങൾ തുടർച്ചയായി അടിച്ചേൽപ്പിച്ച് പ്രവാസികൾക്ക് കേരളത്തിലേക്കുള്ള മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ടി.എൻ.പ്രതാപൻ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹർജി സമർപ്പിച്ചു.

വന്ദേ ഭാരത് മിഷനിലൂടെയും അതിൽ ഉൾപ്പെടാനാവാത്തവർ ചാർട്ടേഡ് വിമാനങ്ങളിലൂടെയും കേരളത്തിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ അവരുടെ യാത്രകൾ തടസ്സപ്പെടുത്താനും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടാനും മാത്രമേ തുടർച്ചയായുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉപകരിക്കൂവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിന്‍റെ  വികസനത്തിന് മുന്നോട്ടുള്ള കുതിപ്പിന് തന്‍റെ  വിയർപ്പും അധ്വാനവും ഇന്ധനമായി നൽകിയ പ്രവാസി സമൂഹം അതികഠിനമായ മനുഷ്യാവകാശ ലംഘനങ്ങളിൽ അകപ്പെട്ട് സങ്കടമനുഭവിക്കുമ്പോൾ ഇന്ത്യയുടെ പൗരന്മാരായ അവർക്ക് നമ്മുടെ ഭരണഘടനയുടെ 21-ാം അനുഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനുള്ള കടമ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉണ്ടെന്നും ടി.എൻ.പ്രതാപൻ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എച്ച് എൽ. ദത്തുവിന്  സമർപ്പിച്ച ഹർജിയിൽ അഭ്യർത്ഥിച്ചു.

പ്രവാസികളെ സംസ്ഥാന സർക്കാർ രണ്ടാം നിര പൗരന്മാരെപ്പോലെ കാണരുത്. ഇന്ത്യയിലെ വിദേശ പൗരന്മാരെ മുഴുവൻ മറ്റു രാജ്യങ്ങൾക്ക് തിരികെ കൊണ്ടുപോകാൻ അനുമതി നൽകിയപ്പോൾ ഇതേ അവസ്ഥയിൽ വിദേശത്ത് ആശങ്കകളോടെ കഴിയുന്ന ഇന്ത്യക്കാരെ മറക്കരുത്. അവരുടെ സങ്കടങ്ങൾ കാണാതിരിക്കരുത്. സർക്കാർ പൗരന്മാരോടുള്ള കടമ മറക്കരുത്. സംസ്ഥാന സർക്കാരിനെ അവരുടെ കടമ നിർവഹിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകണം. അഡ്വ. രഖേഷ് ശർമ്മ മുഖേന സമർപ്പിച്ച ഹർജിയിൽ ടി.എൻ.പ്രതാപൻ എം.പി ആവശ്യപ്പെട്ടു.