കൊവിഡ് രോഗികളെയും ഡോക്ടര്‍മാരെയും സന്ദര്‍ശിച്ച് സ്റ്റാലിന്‍ ; ആത്മവിശ്വാസവും ധൈര്യവും നല്‍കാന്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Sunday, May 30, 2021

ചെന്നൈ : കൊവിഡ് പ്രതിരോധത്തിന് വിശ്രമമില്ലാതെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസവും ധൈര്യവും പകരുന്നതിനായി കൊവിഡ് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പിപിഇ കിറ്റ് ധരിച്ച് കൊവിഡ് വാര്‍ഡിലും ഐസിയുവിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം രോഗികളോടും ഡോക്ടര്‍മാരോടും നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഇഎസ്‌ഐ ആശുപത്രിയിലുമാണ് സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്.

‘രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്തുണയും ധൈര്യവും നല്‍കുന്നതിനാണ് ഞാന്‍ പോയത്’ സന്ദര്‍ശനത്തിന് ശേഷം സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവര്‍ നല്‍കുന്ന ധൈര്യവും സാന്ത്വനവും രോഗം ഭേദമാക്കും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ആത്മവിശ്വാസം പകരുന്ന സ്റ്റാലിന്‍റെ നടപടിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.