കൊച്ചി : എറണാകുളം നിയോജകമണ്ഡലത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ഓൺലൈൻ വിദ്യാഭ്യാസം തടസമില്ലാതെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ടി.ജെ വിനോദ് എംഎൽഎയുടെ നേതൃത്വത്തിൽ എഡ്യു-മൊബൈൽ ചലഞ്ചിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ 11 സ്കൂളുകളിലെ പ്രധാന അധ്യാപകർക്ക് ടി.ജെ വിനോദ് എം.എൽ.എ ടാബ്ലറ്റുകളും മൊബൈൽ ഫോണുകളും കൈമാറി.
ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്തതിന്റെ പേരിൽ എറണാകുളം നിയോജക മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്ക് പോലും പഠനം നഷ്ടമാകരുതെന്ന ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് ടി.ജെ വിനോദ് എം.എൽ എ എഡ്യുൊ-മൊബൈൽ ചലഞ്ചിന് തുടക്കം കുറിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഗവണ്മെന്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് മൊബൈൽ ഫോണുകളും ടാബ്ലറ്റുകളും വിതരണം ചെയ്തത്. നിയോജകമണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ ഒരു വിദ്യാർത്ഥിക്ക് പോലും സാങ്കേതിക സൗകര്യം ഇല്ലാത്തതിന്റെ പേരിൽ പഠനം തടസപ്പെടരുത് എന്നതാണ് എജ്യു-മൊബൈൽ ചലഞ്ചിന്റെ ലക്ഷ്യമെന്നും സ്കൂളിലെ പ്രധാന അധ്യാപകർ നൽകുന്ന ലിസ്റ്റുകൾ പ്രകാരമാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതെന്നും ടി.ജെ വിനോദ് എംഎൽഎ പറഞ്ഞു.
സുമനസുകളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ എംഎൽഎ നടത്തിയ സ്മാർട്ട് ടിവി ചലഞ്ച് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എറണാകുളം ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ടാബ്ലറ്റുകളുടെയും മൊബൈൽ ഫോണുകളുടെയും വിതരണ ഉദ്ഘാടനം ടി.ജെ വിനോദ് എംഎൽഎ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി ഓമന അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.