ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കുമെന്ന് ടൈംസ് നൗ സർവ്വേ. എൽഡിഎഫ് വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന് സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫിന്‍റെ വോട്ട് വിഹിതം വലിയ തോതിൽ ഇടിയുമെന്നും സർവ്വെ പ്രവചിക്കുന്നു.
ശബരിമല വിഷയം മുൻനിർത്തി സംസ്ഥാനം എൽഡിഎഫിന് എതിരാകുമെന്നാണ് ടൈംസ് നൗവിന്‍റെ സർവ്വയിൽ പറയുന്നത്. ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയ്യാറാക്കിയത്.
പോൾ ട്രാക്കറിൽ രാജ്യമെമ്പാടും 16,931 പേർ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു. ഈ ട്രാക്കർ അനുസരിച്ച് കേരളത്തിന്റെ ഫലം സംബന്ധിച്ച് ടൈംസ് നൗ പ്രവചനം ഇങ്ങനെയാണ്. യുഡിഎഫ് 16 മുതൽ 18 സീറ്റുകളുമായി മികച്ച വിജയം നേടും. എൽഡിഎഫിന് 2 സീറ്റ് മാത്രമേ കിട്ടൂ. എൻഡിഎ മുന്നണി ലോക്സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കുാനുള്ള സാധ്യതയും സർവ്വെ തള്ളികളയുന്നില്ല. എൽഡിഎഫിന്‍റെ വോട്ട് വിഹിതം വലിയ തോതിൽ ഇടിയുമെന്നാണ് പോൾ ട്രാക്കർ പ്രവചിക്കുന്നത്. ശബരിമല പ്രക്ഷോഭം ശക്തമായ എൽഡിഎഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. എൽഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തൽ.