പൊതുജന പങ്കാളിത്തമില്ലാതെ ഇന്ന് തൃശൂർ പൂരം ; കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങുകൾ

തൃശൂർ : ഇന്ന് തൃശൂർ പൂരം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്‍റെ ചടങ്ങുകൾ നടക്കുക. ആളുകൾക്ക് പൂരനഗരിയിലേക്ക് പ്രവേശനമില്ല. രാവിലെ തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുക. നടപാണ്ടി മേളത്തിന്റെ അകമ്പടിയോടെ മഠത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കോങ്ങാട് മധു പ്രമാണം വഹിക്കുന്ന പഞ്ചവാദ്യം. നടുവിലാലിലും ദേവസ്വത്തിനു മുന്നിലും കലാശം കൊട്ടിയ ശേഷം നായ്ക്കനാലിൽ സമാപിക്കും. ശേഷം കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന മേളം. ആസ്വാദക ലക്ഷങ്ങൾ ആനന്ദ മഴ നനയുന്ന ഈ ചടങ്ങുകൾ എല്ലാം കലാകാരൻമാരുടെ എണ്ണം കുറച്ച് പേരിന് മാത്രം നടക്കും.

ഉച്ചക്ക് 12 ന് പാറമേക്കാവിന്റെ പുറത്തേക്ക് എഴുന്നള്ളിപ്പ്. 15 ആനകൾ അണിനിരക്കും പെരുവനം കുട്ടൻ മാരാർ നയിക്കുന്ന മേളം അകമ്പടിയേകും. ഇലഞ്ഞിത്തറയിൽ മേളം സമാപിക്കുന്നതോടെ തെക്കോട്ടിറക്കം. പാറമേക്കാവ് കുടമാറ്റം നടത്തും. 25 സെറ്റ് കുടകളാണ് മാറ്റുക. ആർപ്പുവിളിയും ആരവങ്ങളും ഇല്ലാതെ തൃശൂർ നഗരം മൂക സാക്ഷിയാകും. തുടർന്ന് തിരിച്ച് എഴുന്നള്ളത്ത്. നാളെ പുലർച്ചെയാണ് വെടിക്കെട്ട്. ചടങ്ങിന് നടക്കുന്ന പകൽ പൂരത്തിന് ശേഷം തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശൂർ പൂരത്തിന് സമാപനമാകും.

Comments (0)
Add Comment