തൃശൂർ: ചേലക്കരയിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് വ്യക്തമായി. ആനയുടെ ജഡം കണ്ടെത്തിയ റബർ തോട്ടത്തിന്‍റെ ഉടമ റോയിക്കായി അന്വേഷണം ഊർജിതമാക്കി. റോയി ഗോവയിലേക്ക് കടന്നുവെന്നാണ് സൂചന.
ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ ഇന്നലെയാണ് കാട്ടാന കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ ആന ചരിഞ്ഞത് വൈദ്യുതാഘേതമേറ്റാണെന്ന് വ്യക്തമായി. താടിയെല്ലിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്നുള്ള പരിക്കുണ്ട്. ആനയ്ക്ക് ഷോക്കേറ്റ വൈദ്യുതി കമ്പിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കാട്ടുപന്നിയെ കുടുക്കാൻ വെച്ച കെണിയിൽ ആന വീണുവെന്നാണ് കരുതുന്നത്. ആനയുടെ ജഡം മറവു ചെയ്ത ആറ് പേരെയും തിരിച്ചറിഞ്ഞു. മൂന്നു പേർ കുമളി സ്വദേശികളും മൂന്നു പേർ വാഴക്കോട് സ്വദേശികളുമാണ്.
അതേസമയം കേസിലെ പ്രധാന പ്രതിയായ സ്ഥലം ഉടമ പാലാ സ്വദേശി മണിയഞ്ചിറ റോയി ഗോവയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടെ എത്തിയിട്ടുണ്ട്. റോയിയുടെ ഭാര്യ ഗോവയിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ചയായി റോയി വീട്ടിലില്ല. അതിനിടെ എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ നാല് പ്രതികളിൽ ഒരാളായ അഖിൽ മോഹനെ ചേലക്കരയിൽ എത്തിച്ച് തെളിവെടുത്തു. ആനയുടെ ജഡം കുഴിച്ചു മൂടാൻ സഹായിച്ച മണ്ണു മാന്തി യന്ത്രത്തിന്‍റെ ഡ്രൈവർ അടക്കം രണ്ടു പേർ കസ്റ്റഡിയിലുണ്ട്.