യുഎഇയില്‍ മൂന്ന് പേര്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു; സുരക്ഷാ-പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്

JAIHIND TV DUBAI BUREAU
Sunday, July 24, 2022

ദുബായ് : യുഎഇയില്‍ മൂന്നു പേര്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പകർച്ചവ്യാധി നിരീക്ഷണ സംവിധാനത്തിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.

എല്ലാവരും സുരക്ഷാ-പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മങ്കി പോക്‌സ് ആഗോളതലത്തില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പിന്‍റെ കണക്കനുസരിച്ച് മേയ് മാസം മുതല്‍ ഇന്ത്യ, യുഎഇ ഉള്‍പ്പെടെ 74 രാജ്യങ്ങളിലായി 16,000 മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ യാത്ര ചെയ്യുമ്പോഴോ ഒത്തുചേരലുകളുടെ ഭാഗമാകുമ്പോഴോ സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.