സിപിഎം ഭരിക്കുന്ന സഹകരണബാങ്കില്‍ 1.66 കോടിയുടെ ക്രമക്കേട് ; ഏരിയ സെക്രട്ടറിയുടെ മകനുൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി

Jaihind Webdesk
Tuesday, July 6, 2021

കൊല്ലം : സാമ്പത്തികക്രമക്കേടിനെ തുടർന്ന് എഴുകോൺ സർവീസ് സഹകരണബാങ്കിൽ നിന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനുൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി. 1.66 കോടി രൂപയുടെ  ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.

ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ.അനിൽകുമാർ, അക്കൗണ്ടന്‍റ്  ബി.ബൈജു, അറ്റൻഡർ ടി.പി.സുജിത് എന്നിവരെയാണ് പുറത്താക്കിയത്.  സിപിഎം ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ളയുടെ മകനാണ് സുജിത്. പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സ്ഥിരനിക്ഷേപക്കാരറിയാതെ അവരുടെ നിക്ഷേപത്തുകയിൽനിന്ന് വായ്പത്തട്ടിപ്പുൾപ്പെടെ നടത്തിയെന്നാണ് കണ്ടെത്തൽ.

2020 ഫെബ്രുവരിയിലാണ് ക്രമക്കേടെന്ന ആരോപണമുയർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അച്ചടക്കസമതിയെയും ബാങ്ക് നിയോഗിച്ചിരുന്നു. അന്വേഷണവിധേയമായി മാർച്ചിൽ ഇവരെ സസ്പെൻഡ് ചെയ്തു. നഷ്ടപ്പെട്ട തുക ആരോപിതരിൽ നിന്ന് ഈടാക്കിയിരുന്നതിനാൽ ബാങ്കിന് സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ല. എന്നാലും അന്വേഷണം മുന്നോട്ടു പോകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  പുറത്താക്കൽ നടപടി. അതേസമയം സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ ബാങ്ക് പ്രസിഡന്റ് തയ്യാറായില്ല.