കണ്ണൂരില്‍ പോലീസ് ജീപ്പിന് ബോംബെറിഞ്ഞവർ ഇപ്പോഴും കാണാമറയത്ത്; പ്രതികളെ പിടിക്കാനാവാതെ പോലീസ്

Jaihind Webdesk
Sunday, May 19, 2024

 

കണ്ണൂർ: ചക്കരക്കല്ല് ബാവോട്ട് പോലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് എറിഞ്ഞവരെ കണ്ടെത്താനാവാതെ പോലീസ്. ബോംബ് സ്ഫോടനം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇക്കഴിഞ്ഞ മെയ് 13ന് പുലർച്ചെയാണ് കണ്ണൂർ ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് സ്ഫോടനം നടന്നത്. പോലീസ് ജീപ്പിന് ഏതാനും മീറ്റർ അകലെ വെച്ച് 2 ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

കേസില്‍ ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ ബിനു തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, കണ്ണൂർ എസിപി സിബി ടോം ഉൾപ്പടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ഉഗ്രസ്ഫോടനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ബോംബ് എറിഞ്ഞവരേയൊ ബോംബിന്‍റെ ഉറവിടമോ പോലീസിന് കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ സ്ഫോടനം നടത്തിയ സ്ഥലത്ത് സിസി ടിവി ക്യാമറ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രധാന വഴിയിൽ കൂടി വരാതെ പറമ്പിൽ കൂടി നടന്നുവന്നാണ് ബോംബെറിഞ്ഞതെന്നാണ് പോലീസിന്‍റെ നിഗമനം. അതുകൊണ്ടുതന്നെ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബോംബെറിഞ്ഞതെന്നും പോലീസ് നിഗമനത്തിൽ എത്തിയിരുന്നു.

പ്രദേശത്തെ ആർഎസ്എസ് നേതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പോലീസ് സംശയിച്ച ചിലരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു, എന്നാൽ ബോംബ് എറിഞ്ഞവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോൺ വിളിയുടെ വിശദാംശങ്ങൾ കമ്പനികളോട് നൽകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചുകഴിഞ്ഞാൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.