തിരുവനന്തപുരം : മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നത് ആദ്യമായാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. പൗരത്വ ഭേദഗതി നിയമം ഇന്ത്യാക്കാരെ ബാധിക്കില്ല എന്ന വ്യാജ പ്രചാരണം ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന പഴയ തന്ത്രമാണെന്നും എ.കെ ആന്‍റണി കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശശി തരൂർ എം.പി നയിക്കുന്ന സെക്കുലർ മാർച്ച് തിരുവനന്തപുരം കവടിയാർ വിവേകാനന്ദ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകനാന്ദന്‍റെയും ഗാഡിജിയുടെയും ഇന്ത്യ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ശശി തരൂര്‍ എം.പി നയിച്ച സെക്കുലർ മാർച്ച്. പൗരത്വാവകാശങ്ങളിൽ വെള്ളം ചേർത്താൽ നാളെ ഒന്നൊന്നായി മൗലികവകാശങ്ങൾ ഇല്ലാതാകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ ആന്‍റണി പറഞ്ഞു. ഈ നീക്കം ഇന്ന് തടഞ്ഞില്ലെങ്കിൽ നാളെ കോറോണ വൈറസിനക്കാൾ ആപത്കരമായ നിയമനിർമാണങ്ങൾ നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജോസഫ് മാർ ഗ്രിഗോറിയസ് ഫ്ളാഗ് ഓഫ് ചെയ്ത മാർച്ച് ഗാന്ധി പാർക്കിൽ സമാപിച്ചു. ഹിന്ദുവെന്നാൽ സഹിഷ്ണുത എന്ന് മാത്രല്ല സ്വീകാര്യത എന്ന അർത്ഥം കൂടി ഉണ്ടെന്ന് ലോകത്തോട് പറഞ്ഞ സ്വാമി വിവേകാനന്ദന്‍റെയും ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കാതിരുന്ന മഹാത്മാഗാന്ധിയുടെയും ഇന്ത്യയാണ് വീണ്ടെടുക്കേണ്ടത് എന്ന് ശശി തരൂർ എം.പി പറഞ്ഞു.
സമാപന സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാവ് ഡോ. മുനവറലി ശിഹാബ് തങ്ങൾ മുഖ്യ അതിഥിയായി. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടണമെന്ന് വി.എസ് ശിവകുമാർ എം.എൽ.എ ആഹ്വാനം ചെയ്തു. എം വിൻസെന്‍റ് എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, പാലോട് രവി, അബ്ദുൾ സലാം മൗലവി തുടങ്ങിയവരും സംബന്ധിച്ചു.