ആരൊക്കെ വധഭീഷണി മുഴക്കിയാലും നിര്‍ഭയം പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോകും ; തിരുവഞ്ചൂർ രാധാകൃഷ്ണന്‍

കോട്ടയം: വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ മൊഴിയെടുത്തു. എ ഡി ജി പിയുടെ നിര്‍ദേശപ്രകാരമാണ് മൊഴിയെടുത്തത്. കത്തിന്‍റെ ഒറിജിനല്‍ കോപ്പി തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് കൈമാറി.

തനിക്കെതിരെ വധഭീഷണി മുഴക്കിയതിന്‍റെ പിന്നിലുള്ള വസ്‌തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരാണെന്ന് മൊഴിനൽകിയതിന് ശേഷം തിരുവഞ്ചൂര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആരൊക്കെ വധഭീഷണി മുഴക്കിയാലും നിര്‍ഭയം പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോകും. തിരിച്ച് ജയിലിലേക്ക് തന്നെ പോകുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. അതില്‍ നിന്ന് ജയിലിന് പുറത്തിറങ്ങിയവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

ജയിലില്‍ നിന്ന് ഇറങ്ങിയ ആളുകള്‍ ആരൊക്കെ എന്ന് എല്ലാവര്‍ക്കും അറിയാം. ജാമ്യത്തില്‍ ഇറങ്ങിയ ആളുകളുടെയും പരോളില്‍ ഇറങ്ങിയവരുടെയും പട്ടിക സര്‍ക്കാരിന്‍റെ കൈയിലുണ്ട്. സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയ സാഹചര്യത്തില്‍ ഇതിന് പിന്നിലെ വസ്‌തുതകള്‍ സര്‍ക്കാര്‍ തന്നെ പുറത്തുകൊണ്ടുവരട്ടെയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ആരാണ് കാര്യങ്ങള്‍ നടത്തുന്നത്. ആരൊക്കെയാണ് ഇതിന് പിന്നില്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കട്ടെ. വധഭീഷണിയൊന്നും തന്നെ ബാധിക്കില്ല. നിര്‍ഭയം പൊതുപ്രവര്‍ത്തനം നടത്തും. ടി പി വധക്കേസ് അന്വേഷണ സമയത്ത് ഒന്നും കൂടി ചെയ്‌താലും അങ്ങോട്ട് തന്നെ പോയാല്‍ മതിയല്ലോ എന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. സമാനമായ നിലയിലാണ് കത്തിലെ വരികള്‍. കത്തിന്‍റെ ഉറവിടം പൊലീസ് കണ്ടെത്തേട്ടെ. സമര്‍ത്ഥരായ പൊലീസുകാര്‍ സേനയിലുണ്ട്. ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഭരണതലത്തിലാണ് നടപടി വേണ്ടത്. ജയിലിനകത്ത് നിന്നുള്ള ഓപ്പറേഷന് തെളിവ് പോലും കണ്ടെത്താന്‍ സാധിക്കില്ല. അതെല്ലാം അറിഞ്ഞുകൊണ്ടാണ് ഓപ്പറേഷന്‍ എന്ന് സംശയിക്കുന്നു. സോഷ്യല്‍മീഡിയയുടെ ക്വട്ടേഷന്‍ എടുത്ത ആളുകള്‍ ഇവിടെയുണ്ടെന്നും വസ്‌തുതകള്‍ വക്രീകരിച്ച് ആളുകളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment