തിരുവനന്തപുരത്തെ വോട്ടർമാർ ജാഗ്രതൈ; ബിജെപി -സിപിഎം ഡീലിന് നീക്കം?

Jaihind News Bureau
Wednesday, November 19, 2025

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന കാര്യം പുറത്തു വന്നതോടെ അങ്കലാപ്പിലാണ് സിപിഎം. വൈഷ്ണയുടെ വോട്ട് നീക്കിയ നടപടി റദ്ദാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. വൈഷ്ണ മുട്ടട വാര്‍ഡില്‍ നിന്ന് മത്സരിക്കും. വോട്ടര്‍ പട്ടികയില്‍ പേരും ഉള്‍പ്പെടുത്തും.

ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് സിപിഎം ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുന്നത്. പ്രത്യക്ഷത്തിൽ സിപിഎം ഭരണപക്ഷവും, ബിജെപി പ്രതിപക്ഷവും ആണ്. എന്നാൽ ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനം മുതൽ കോൺഗ്രസ്‌ വളരെ മുന്നിലാണ്. ഈ ഘട്ടത്തിൽ തോൽവി മണക്കുന്ന സിപിഎം ഏത് വിധേനെയും വിജയിക്കാൻ വേണ്ടിയാണ് ബിജെപിയെ കൂട്ടുപിടിക്കാൻ ഒരുങ്ങുന്നത്. കോൺഗ്രസ്‌ വിജയിക്കും എന്നുറപ്പുള്ള വാർഡുകളിൽ ബിജെപി യുമായി ചേർന്ന് വോട്ട് മറിക്കാനുള്ള നീക്കങ്ങളാണ് സജീവമാക്കുന്നത്. ഇതിന് പ്രധാനപ്പെട്ട സിപിഎം നേതാക്കൾ തന്നെ മുൻകൈ എടുക്കുന്നതായാണ് വിവരം. മാത്രവുമല്ല കോൺഗ്രസ്‌ അല്ല വിജയിക്കുന്നത് എങ്കിൽ ബിജെപി-സിപിഎം പരസ്പരം പാർട്ടി മാറാനും സാധ്യതകൾ ഏറെയാണ്.

മുൻ എം എൽ എ കെ എസ് ശബരിനാഥ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ നേമം ഷജീർ അടക്കമുള്ള വമ്പൻ നിരയാണ് ഇത്തവണ യു ഡി എഫ് സ്ഥാനാർഥികൾ. യുവത്വം പരിചയസമ്പന്നതയും വനിതാ പ്രാധിനിത്യവും നിറഞ്ഞ സ്ഥാനാർഥി പട്ടിക നേരത്തെ തന്നെ ഇടത് -ബിജെപി സഖ്യത്തിന് തലവേദന ഉയർത്തിയിരുന്നു.

എന്തായാലും ബിജെപിയും സിപിഎമ്മും ഒന്നായ സ്ഥിതിക്ക് ഇവർക്ക് എന്തിന് വോട്ട് ചെയ്യണം എന്ന ചോദ്യമാണ് വോട്ടർമാർ ഉയർത്തുന്നത്.