തിരുവനന്തപുരം – കാസര്‍ഗോഡ് എലിവേറ്റഡ് അതിവേഗ പാത സമയബന്ധിതമായി നിര്‍മ്മിക്കണം: ആര്‍ജിഐഡിഎസ്‌ വികസന രേഖ

Jaihind News Bureau
Tuesday, March 2, 2021

 

തിരുവനന്തപുരം: നിയന്ത്രങ്ങള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എലിവേറ്റഡ് അതിവേഗ പാത സമയബന്ധിതമായി നിര്‍മ്മിക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റ്ഡീസിന്റെ(ആര്‍ജിഐഡിഎസ്‌) വികസന രേഖ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പ്രകാശനം ചെയ്തു. കേരളത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതും സമ്പദ് വ്യവസ്ഥക്ക് പുനരുജ്ജീവനം നല്‍കുന്നതും ലക്ഷ്യമിട്ടുള്ള നരിവധി നിര്‍ദ്ദേങ്ങള്‍ അടങ്ങിയതാണ് വികസന രേഖ. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് വികസന രേഖ തയ്യാറാക്കിയത്.

കേരള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും നിര്‍ണായകമായ പതിനാറ് മേഖലകളെ തെരഞ്ഞെടുത്ത്, ഓരോ മേഖലയിലും വരുത്തേണ്ട മാറ്റങ്ങളും, സ്വീകരിക്കേണ്ട പ്രധാന ലക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് വികസന രേഖ’.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, ക്ഷീരോത്പ്പാദനം, മത്സ്യബന്ധനം, സംയോജിത തീരപ്രദേശ വികസനം, വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും, ഊര്‍ജ്ജ വിഭവങ്ങള്‍, വിവര-ആശയവിനിമയ സാങ്കേതികവിദ്യകള്‍, ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി, ജലം, ടൂറിസം, യുവാക്കള്‍-കായികം, നഗര-ഗ്രാമവികസനം, പ്രവാസികള്‍,തലസ്ഥാന നഗര വികസനം എന്നിവയാണ് ഈ മേഖലകള്‍.

മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക, സാമ്പത്തിക മേഖലയിലെ അപാകതകള്‍ പരിഹരിക്കുക, ശരിയായ കാര്‍ഷിക വികസനം,അനധികൃതമായുള്ള ആഴക്കടല്‍ മത്സ്യബന്ധനം നിരോധിക്കുന്നതിനായി ഒരു ‘ബ്ലൂ ഇക്കോണമി’ മോഡല്‍ വികസിപ്പിക്കുക, തീരദേശ മേഖലയ്ക്ക് സമാന്തരമായി ശീതീകരണ സംവിധാനം സ്ഥാപിക്കുക, വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കുക, ഉള്‍നാടന്‍ ജലപാതകളുടെ വികസനം, ഖരമാലിന്യ സംസ്‌കരണത്തിനായി ആധുനിക കേന്ദ്രങ്ങള്‍, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനായ് ആധുനിക രീതികള്‍ നടപ്പാക്കുക, പൂന്തുറയില്‍ ഫിഷിങ് ഹാര്‍ബര്‍ , ലോജിസ്റ്റിക് ഡെവലപ്മെന്റ്, എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക, സാങ്കേതിക ശേഷി വര്‍ധിപ്പിക്കുക,ജലവിതരണം മെച്ചപ്പെടുത്തുന്നതിന് ഐ.സി.ടി സ്വീകരിക്കുക, എല്ലാ നദികളെയും പുനരുജ്ജീവിപ്പിക്കാനായി റിവര്‍ ബേസിന്‍ അതോറിറ്റി രൂപീകരിക്കുക,സ്പോര്‍ട്സ് ഡയറക്ടറേറ്റിയെയും സ്പോര്‍ട്സ് കൗണ്‍സിലിനെയും ലയിപ്പിച്ച് ‘സ്പോര്‍ട്സ് കേരളം’ രൂപീകരിക്കുക,തലസ്ഥാന നഗരവികസനത്തിനുള്ള പ്രത്യേക മന്ത്രാലയം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

സ്ത്രീകള്‍ക്കായി രണ്ട് ലക്ഷം പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുക, അടുത്തുള്ള പൊതുവിശ്രമമുറികള്‍ തിരിച്ചറിയാന്‍ സ്ത്രീകള്‍ക്ക് സഹായകമാകുന്നതും, മുന്‍ സന്ദര്‍ശകരില്‍ നിന്നും ശുചിമുറികളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും റേറ്റിംങ്ങും ലഭ്യമാക്കികൊണ്ടുള്ളതുമായ ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കുക, എന്നിവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. ഉല്‍പാദനക്ഷമത, സമാനതകളില്ലാത്ത ഗുണനിലവാരം വികസിപ്പിക്കുക, തൊഴിലില്ലായ്മ കുറയ്ല്‍, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കല്‍ എന്നിവയും വികസനരേഖ ലക്ഷ്യമിടുന്നു.

ഉദ്ഘാടന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ , മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, ശശി തരൂര്‍ എംപി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ആര്‍.ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ്.ഷിജു, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ.ബി.എ.പ്രകാശ് എന്നിവര്‍ സംസാരിച്ചു.