ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും ; എല്ലാവരേയും ഏകോപിപ്പിച്ച് മുന്നോട്ടുപോകും : വി.ഡി സതീശന്‍

Jaihind Webdesk
Sunday, May 23, 2021

 

തിരുവനന്തപുരം : എല്ലാവരേയും ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുതിർന്ന നേതാക്കളേയും രണ്ടാംതലമുറയേയും ഒരുമിച്ചുകൊണ്ടുപോകും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കും. സർക്കാരിന്‍റെ നല്ലകാര്യങ്ങളെ അംഗീകരിക്കും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയുടെ കാലത്ത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളോടും രാഷ്ട്രീയത്തോടും ജനങ്ങള്‍ക്ക് പുച്ഛം തോന്നും. ഇത്തരം സന്നിഗ്ധ ഘട്ടങ്ങളില്‍ ജനതാത്പര്യമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയെ നേരിടുന്നതില്‍ തെറ്റുണ്ടായാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.  സർക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.