തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയ ഡോ. ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍ തെറ്റായ ഒരാളാണെന്ന് ആരും പറയില്ല, എന്നാല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവ പാഠം ആയിരിക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല, ശസ്ത്രക്രിയ ഉപകരണങ്ങള്‍ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിന്റെ സമാപന വേളയിലാണ് അദ്ദേഹം സംസാരിച്ചത്.
ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലോടെയാണ് സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി പുറംലോകം അറിയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മരുന്നിന്റെ ലഭ്യത കുറവും, ഉപകരണങ്ങളുടെ ക്ഷാമവും ഡോക്ടറുടെ വെളിപ്പെടുത്തലോടെ വിവാദമായപ്പോള്‍ സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും ദുരവസ്ഥ കൂടി പുറത്തേക്ക് വരുകയാണ്.