ന്യൂഡല്‍ഹി : പെട്രോള്‍ ഡീസല്‍ വില വർധനവ് സംബന്ധിച്ച കെ.സി വേണുഗോപാല്‍ എംപിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര പെട്രോളിയം മന്ത്രി. അന്താരാഷ്ട്ര മാർക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കൂടിയിട്ടും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനാണ് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഒഴിഞ്ഞുമാറിയത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്:
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴും കഴിഞ്ഞ നവംബർ മുതൽ രാജ്യത്ത് പെട്രോൾ -ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല. പെട്രോൾ – ഡീസൽ വില നിശ്ചയിക്കുന്നത് കമ്പനികളാണെന്നും, സർക്കാരിന് ഇതിൽ പങ്കില്ലെന്നും സർക്കാർ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. 2021 ജനുവരി 31 മുതൽ ജൂലൈ 9 വരെ പെട്രോൾ വില 63 തവണയും, ഡീസൽ വില 61 തവണയുമാണ് വർധിപ്പിച്ചത്.
രസകരമായ കാര്യം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ മുതൽ പെട്രോൾ – ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല. ഇത് ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ഈ ആശ്വാസം തുടർന്നും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുമോ എന്നുള്ള ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി തയാറായില്ല.തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ സമീപ ദിവസങ്ങളിൽ തന്നെ പെട്രോൾ ഡീസൽ വിലവർധിപ്പിക്കാൻ സാധ്യത ഉണ്ടെന്നിരിക്കെ, ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ശ്രീ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് പറഞ്ഞു പുകമറ സൃഷ്ടിക്കാനാണ് മന്ത്രി ശ്രമിച്ചത്.
റഷ്യ – ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നതും, പ്രധാന ഇറക്കുമതി രാജ്യങ്ങളൊന്നായ റഷ്യക്ക് മേലുള്ള ഉപരോധവും ഇന്ത്യയിൽ പെട്രോൾ വില വർധിക്കാൻ ഇടവരുത്തുമെന്നും, ഇത് തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുമോയെന്നും രാജ്യസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. വിലവർദ്ധനവ് ഇല്ലാതെ ജനങ്ങൾക്ക് തുടർന്നും ആശ്വാസം നൽകാൻ സർക്കാർ തയ്യാറാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ് മന്ത്രി ചെയ്തത്.
https://www.facebook.com/kcvenugopalmp/videos/502312528199975