സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങള്‍ക്ക് സഭയില്‍ നേരിട്ട് മറുപടിയില്ല: നക്ഷത്ര ചിഹ്നം ചട്ടവിരുദ്ധമായി ഒഴിവാക്കുന്നതായി പ്രതിപക്ഷം; സ്പീക്കര്‍ക്ക് പരാതി

Jaihind Webdesk
Monday, August 22, 2022

തിരുവനന്തപുരം: സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളില്‍ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി. എ.പി അനിൽകുമാർ എംഎൽഎയാണ് പരാതി നൽകിയത്.

നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്തതാക്കി മാറ്റുന്നുവെന്ന് പ്രതിപക്ഷം നിയമസഭാ സെക്രട്ടറിയേറ്റിനെതിരെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത്, ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, എകെജി സെന്‍റര്‍ ആക്രമണം തുടങ്ങി സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന  നിരവധി വിഷയങ്ങളില്‍ ഇത്തരത്തില്‍ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കാനായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകേണ്ടതിലാണ് മാറ്റം വരുത്തുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.