യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു; കോട്ടയത്തെ ഞെട്ടിച്ച ‘ദൃശ്യം മോഡല്‍’ കൊലപാതകം

Jaihind Webdesk
Saturday, October 1, 2022

കോട്ടയം: ആലപ്പുഴയിൽ നിന്നും കഴിഞ്ഞ മാസം 26ന് കാണാതായ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ബിന്ദുമോനെയാണ് സുഹൃത്ത് മുത്ത്കുമാറിന്‍റെ ചങ്ങനാശേരിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിന്ദുമോന്‍റെ കൊലപാതത്തിന് പിന്നിൽ സുഹൃത്ത് മുത്തുകുമാറാണെന്ന് സംശയിക്കുന്നതായി പോലീസ്.

ഇന്ന് രാവിലെയാണ് ചങ്ങനാശേരിയെ നടുക്കിക്കൊണ്ട് ദൃശ്യം മോഡൽ കൊലപാതകം പുറംലോകം അറിഞ്ഞത്. ചങ്ങനാശേരി എസി കോളനിയിലെ മുത്തുകുമാറിന്‍റെ വാടകവീട്ടിൽ നിന്നാണ് സുഹൃത്ത് ബിന്ദുമോന്‍റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വീട്ടിലെ ചായിപ്പിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ബിന്ദുമോനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ അമ്മയും സഹോദരിയും സെപ്റ്റംബറിൽ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചങ്ങനാശേരി എസി കോളനിയിൽ നിന്നും ബിന്ദുമോന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ 29ന് ആലപ്പുഴ രജിസ്ട്രേഷനുള്ള ബിന്ദുമോൻറെ ബൈക്ക് വാകത്താനം ഇരുവിനല്ലൂരിലെ തോട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുമോൻ അവസാനമായി സംസാരിച്ചത് മുത്തു കുമാറുമായിട്ടാണെന്ന് പോലീസ് കണ്ടെത്തുന്നത്. അന്വേഷണം തന്നിലേയ്ക്ക് എത്തുന്നുവെന്ന് കണ്ട് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്ദുമോന്‍റെ മൃതദേഹം മുത്തുകുമാറിന്‍റെ വീട്ടിൽ നിന്നും പുറത്തെടുത്തത്. അതേസമയം ബിന്ദുമോന്‍റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഇരുവരും തമ്മിൽ നേരത്തെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ബിന്ദുമോന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.