മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ ഗുരുതര ആരോപണവുമായി യുവതി ; ‘മാനസികപീഡനം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചു’

Jaihind Webdesk
Friday, May 21, 2021

 

കോഴിക്കോട് : സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുപിന്നാലെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ ഗുരുതര ആരോപണം. നിലമ്പൂര്‍ കരുളായി സ്വദേശിനിയാണ് മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് ആറുവയസുള്ളപ്പോള്‍ വീട്ടുജോലിക്കാരിയാക്കി മാനസികമായി പീഡിപ്പിച്ചെന്നും മന്ത്രികാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് അസുഖ ബാധിതയാകുകയും പിതാവ് ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ താനടക്കം നാല് കുട്ടികളെ ചിലര്‍ ദത്തെടുത്ത് കൊണ്ടുപോകുകയായിരുന്നു. ആറ് വയസുള്ളപ്പോള്‍ തലശ്ശേരിയിലെ പാര്‍ട്ടി നേതാവ് വഴിയാണ് ഐഎന്‍എല്‍ നേതാവായ അഹമ്മദ് ദേവര്‍കോവില്‍ ദത്തെടുക്കുന്നത്. അന്ന് മുതല്‍ 14 വയസുവരെ ശമ്പളം പോലും നല്‍കാതെ വീട്ടുജോലിക്കാരിയാക്കി മാറ്റി മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചു.

വീട്ടുജോലിക്കിടെ മൂന്നാം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ചിരുന്നു. തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും ദേവര്‍കോവിലിന്റെ വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ 14-ാം വയസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്നെ ആശുപത്രിയില്‍ എത്തിച്ച അഹമ്മദ് ദേവര്‍കോവില്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ചുവെന്നും യുവതി ആരോപിച്ചു. തുടര്‍ന്ന് ദേവര്‍കോവില്‍ തന്നെ മലപ്പുറത്തെ അഗതിമന്ദിരത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി.