പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രത്തിന് അബുദാബിയില്‍ ശിലാസ്ഥാപനം നടത്തി

Jaihind Webdesk
Saturday, April 20, 2019

നിര്‍മാണം 10.9 ഹെക്ടറില്‍

അബുദാബി : മിഡില്‍ ഈസ്റ്റില്‍ ആദ്യമായി അബുദാബിയില്‍, പരമ്പരാഗത രീതിയിലുള്ള ഹിന്ദു ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തി. 10.9 ഹെക്ടര്‍ സ്ഥലത്താണ്, ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ ഇത് നിര്‍മിക്കുന്നത്. നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും.
യുഎഇയുടെ സാഹോദര്യ മനോഭാവത്തിന്റെ പ്രതീകമായി 10 ദശാംശം 9 ഹെക്ടര്‍ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുവദിച്ച സ്ഥലത്താണ് ഈ ക്ഷേത്രനിര്‍മാണം. ദുബായ് -അബുദാബി ഹൈവേയിലെ അബു മുറൈഖയിലാണ്, ഈ കൂറ്റന്‍ ക്ഷേത്രം നിര്‍ക്കിക്കുന്നത്.

താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകളോടെ, ശിലാസ്ഥാപന കര്‍മ്മം നടന്നു. ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയാചാര്യന്‍, മഹന്ത് സ്വാമി മഹാരാജ് മുഖ്യ കാര്‍മികത്വം വഹിച്ചു. 50 പുരോഹിതന്മാര്‍ സഹ കാര്‍മികരായിരുന്നു. യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമദ് അല്‍ സയൂദി, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി , കോണ്‍സല്‍ ജനറല്‍ വിപുല്‍, വ്യവസായി ഡോക്ടര്‍ ബി ആര്‍ ഷെട്ടി എന്നിവരും ചടങ്ങുകളില്‍ സംബന്ധിച്ചു.