പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തിൽ യു.ഡി.എഫിന് രാഷ്ട്രീയ ലക്ഷ്യമില്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, January 18, 2020

കോഴിക്കോട് : പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തിൽ യു.ഡി.എഫിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് മഹാറാലിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ പ്രക്ഷോഭം അന്തിമമായി വിജയം കാണുമെന്ന് സമ്മേളനത്തിൽ സംസാരിച്ച വിവിധ സാമുദായിക നേതാക്കളും അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് യു.ഡി.എഫ് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോരാട്ടം അന്തിമമായി വിജയം കാണുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂട്ടായ പ്രക്ഷോഭം വേണമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർദേശിച്ചു. ആർക്കും പ്രത്യേക താത്പര്യങ്ങളില്ലാത്ത സമരമാണ് വേണ്ടതെന്നായിരുന്നു കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ അഭിപ്രായം. ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന് ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു.

എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹന്നാൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ദിഖ് തുടങ്ങിയവരും സംസാരിച്ചു.