കോട്ടയം/പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്. സ്വപ്നതുല്യമായ വിജയലക്ഷ്യം കൈവരുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുന്നു. രാവിലെ മുതൽ തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കനത്ത രീതിയിലുള്ള പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കനുസിച്ച് 6 മണി വരെ 72.9 ശതമാനം പോളിംഗാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ ഇനിയും മാറ്റങ്ങള്‍ വരാം. യുഡിഎഫിന് ഏറെ ആത്മവിശ്വാസം പകരുന്ന പോളിംഗ് ശതമാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വലിയ രീതിയിലുള്ള പോളിംഗ് തന്നെയായിരുന്നു രാവിലെ മുതൽ വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ നിലനിന്നത്. ഇത് ഏറെ ആത്മവിശ്വാസം നൽകിയിരിക്കുകയാണ് യുഡിഎഫിന്.
യുഡിഎഫ് നടത്തിയ ഒറ്റക്കെട്ടായുള്ള ചിട്ടയായ പ്രചാരണം മണ്ഡലത്തിൽ തരംഗം സൃഷ്ടിച്ചുവെന്നും, ഇത് വോട്ടായി പ്രതിഫലിച്ചിട്ടുണ്ടെന്നമാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. 8 പഞ്ചായത്തുകളിലും മികച്ച രീതിയിലുള്ള പോളിംഗ് ആയിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. മീനടം, പാമ്പാടി പുതുപ്പള്ളി അയർക്കുന്നം അടക്കം ഉള്ള പഞ്ചായത്തുകളിൽ എല്ലാം തന്നെ മികച്ച രീതിയിലുള്ള പോളിംഗ് ആയിരുന്നു നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉള്ള വിജയമായിരിക്കും പുതുപ്പള്ളി നൽകുക എന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞത് തനിക്ക് വിശ്വാസം പുതുപ്പള്ളിയിലെ വോട്ടർമാരിൽ ആണെന്നും ആ വിശ്വാസം അവർ കാത്തുസൂക്ഷിക്കുമെന്നുമാണ്. നിറഞ്ഞ ആത്മവിശ്വാസത്തിൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയും മറ്റു നേതാക്കളും. രണ്ടു ദിവസത്തെ കാത്തിരിപ്പിനുശേഷം മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം തന്നെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.