വയനാട്ടില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി; കുടുങ്ങിയത് ‘വയനാട് സൗത്ത് 09’ എന്ന ആൺ കടുവ

Jaihind Webdesk
Saturday, January 27, 2024

 

വയനാട് കൊളഗപ്പാറ ചൂരിമലയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വനംവകുപ്പിന്‍റെ ഡാറ്റാബേസിൽപ്പെട്ട വയനാട് സൗത്ത് 09 എന്ന ആൺ കടുവയാണ് കൂട്ടിലായത്. ഇതിനിടയിൽ സുൽത്താൻ ബത്തേരിയിൽ കരടി ഇറങ്ങിയ
സിസി ടിവി ദൃശ്യവും പുറത്തുവന്നു.

ഇന്ന് പുലർച്ചെയാണ് ബീനാച്ചി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയ ഇതേ കടുവ തന്നെയാണ് സീസിയിലും ഇറങ്ങിയതെന്നും വനം വകുപ്പ് സ്ഥിരീകരിച്ചു. ചൂരിമല താണാട്ടുകുടിയിൽ രാജന്‍റെ പശുക്കിടാവിനെ കഴിഞ്ഞ ദിവസമാണ് കടുവ ആക്രമിച്ചു കൊന്നത്. ഇതിനു പിന്നാലെയാണ് പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കൂടിനു പുറമെ മറ്റൊരു കൂട് കൂടി മേഖലയിൽ സ്ഥാപിച്ചത്. ഒരു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പിടിയിലായ കടുവയെ ബത്തേരിയിലെ കുപ്പാടി വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം സുൽത്താൻ ബത്തേരിയിൽ ഇന്നലെ രാത്രി 11 മണിയോടെ കരടിയെത്തി. ബത്തേരി കോടതി വളപ്പിൽ യാത്രക്കാരാണ് ആദ്യം കരടിയെ കണ്ടത്. ഇവിടെ നിന്നും കോളിയാടി ഭാഗത്തേക്ക് പോകുന്ന സിസി ടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.