കടുവയെ കിടുവ പിടിക്കുന്നു; സിപിഎമ്മിന് ലഹരി മാഫിയയുടെ ഭീഷണി

Jaihind News Bureau
Sunday, March 23, 2025

കണ്ണൂർ പാനൂരിൽ സിപിഐഎം നേതാക്കളെ ലഹരി- ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി.  മുൻ സി പി എം പ്രവർത്തകനും രാഷ്ട്രീയ കൊലപാതക കേസിൽ ഉൾപ്പടെ പ്രതിയായ ജന്മീൻ്റ വിട ബിജുവിൻ്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്. സിപിഎം ചമ്പാട് ലോക്കൽ കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

സിപിഎം ചമ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. ജന്മീന്‍റവിട ബിജു ഉൾപ്പടെയുള്ള ക്വട്ടേഷൻ സംഘങ്ങളെ നേരത്തെ പാർട്ടി തള്ളിപ്പറഞ്ഞതായി സി പി എം പ്രാദേശിക നേതാക്കൾ പറഞ്ഞു.

പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് ലോക്കലിലെ അരയാക്കൂലിൽ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ലഹരി മാഫിയ സംഘം നേതാക്കളെ ഉൾപ്പടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടുന്നവർക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ചമ്പാട് ലോക്കൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. ജന്മീന്‍റ വിട ബിജുവിൻ്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം പാർട്ടി നേതാക്കളെയും, പഞ്ചായത്ത് മെമ്പർ ഉൾപ്പടെയുള്ളവരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

അരയാക്കൂൽ മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണി. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

വിഷയത്തിൽ പൊലീസിന് വിവരം നൽകിയത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ജന്മിൻ്റവിട ബിജുവിൻ്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബിജെപി പ്രവർത്തകനായ കുന്നോത്ത്പറമ്പിലെ കെ.സി.രാജേഷ് വധ കേസിലും, പാനൂരിലെ ചുമട്ട് തൊഴിലാളിയും ബി.എം.എസ് പ്രവർത്തകനുമായ കുറിച്ചിക്കരയിലെ വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ജന്മീൻറവിട ബിജു. നേരത്തെ സി പി എമ്മിൻ്റെ സജീവ പ്രവർത്തകനായ ബിജു പാർട്ടിക്ക് വേണ്ടി നിരവധി രാഷ്ട്രിയ അക്രമ കേസുകളിൽ പ്രതിയായിട്ടുണ്ട്. പാർട്ടി ജന്മീൻറവിട ബിജു ഉൾപ്പടെയുള്ള ക്വട്ടേഷൻ സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞതായാണ് സി പി എം നേതാക്കൾ പറയുന്നത്.

മുൻ പാർട്ടി പ്രവർത്തകരായ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ സി പി എം നേതൃത്വത്തിന് വന്നതോടെയാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ പാർട്ടി നേതൃത്വം തിരിയാനുള്ള പ്രധാന കാരണം. സി പി എം പ്രവർത്തകരായ ക്വട്ടേഷൻ സംഘത്തിന് എതിരെ പൊതുവികാരം ഉയർന്നു വന്നതോടുകൂടിയാണ് പാർട്ടിനേതൃത്വവും ഇവരെ തള്ളി പറഞ്ഞത്. സി പി എമ്മിന് വേണ്ടി രാഷ്ട്രിയ എതിരാളികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികൾ ആയവർക്ക് എതിരെയാണ് പാർട്ടി നേതൃത്വം പൊലീസിൽ മയക്കുമരുന്ന് ക്വട്ടേഷൻ പരാതി നൽകിയിരിക്കുന്നത്. ഇവരും സി പി എം പ്രവർത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നത വരും ദിവസങ്ങളിൽ മറനീക്കി പുറത്ത് വരും.