ആശമാരുടെ സമരം തുടരുന്നു, 19ാം ദിനത്തിലും തളരാത്ത ആവേശം…

Jaihind News Bureau
Friday, February 28, 2025

സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 19-ാം ദിനത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമായതോടെ കഴിഞ്ഞദിവസം കുടിശ്ശിക ഉണ്ടായിരുന്ന ഒരു ഗഡു ഓണറേറിയം കൂടി സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ ജനുവരി വരെയുള്ള ഓണറേറിയം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുന്നതും വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സമരസമിതി.

ഇതേസമയം, സമരത്തെ പൊളിക്കുന്നതിനായി ബദല്‍ സമരങ്ങളുമായി സിഐടിയു രംഗത്തെത്തി. കഴിഞ്ഞദിവസം ആലപ്പുഴയില്‍ ക കളക് ട്രേറ്റ് സമരം നടത്തിയ സിഐടിയു ഇന്ന് തലസ്ഥാനത്ത് എജീസ ്ഓഫീസിനു മുന്നില്‍ ആശാവര്‍ക്കര്‍മാരെ അണിനിരത്തി പ്രതിഷേധിക്കും. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആശമാര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു.

അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്താന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് കാട്ടി ഡയറക്ടര്‍ നോട്ടീസ് നല്‍കിയെങ്കിലും സമരത്തിലുള്ളവര്‍ അതു തള്ളി. ആശാവര്‍ക്കര്‍മാര്‍ എത്രയും വേഗം തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവര്‍ക്കര്‍ തിരിച്ചെത്തിയില്ലെങ്കില്‍ മറ്റു വാര്‍ഡുകളിലെ ആശാവര്‍ക്കമാര്‍ക്ക് പകരം ചുമതല നല്‍കണം. ഇതിനോടും ആശാവര്‍ക്കര്‍മാര്‍ സഹകരിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ ചുമതല നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്
ആവശ്യങ്ങള്‍ അനുവദിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണ് നിലപാട്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരത്തിന് പിന്നില്‍ അരാജകത്വശക്തികള്‍ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.