അബ്കാരി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാര്‍; ലക്ഷദ്വീപിലേക്ക് മദ്യക്കയറ്റുമതിക്ക് നീക്കം

Jaihind Webdesk
Sunday, September 8, 2024

തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കാന്‍ കേരള സര്‍ക്കാര്‍. സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് ടൂറിസം എം.ഡിയുടെ ആവശ്യപ്രകാരമാണ് കേരളത്തില്‍ നിന്ന് മദ്യം കയറ്റി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ചട്ടവിരുദ്ധമായാണ് ഈ മദ്യക്കയറ്റുമതിയെന്നതും ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത് ആഗസ്റ്റ് 31നാണ്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക അനുമതിയോടെയാണ് ലക്ഷദ്വീപിലേക്കുള്ള മദ്യക്കയറ്റുമതി. അബ്കാരി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടി.

ഒരു തവണത്തെ മദ്യക്കയറ്റുമതിക്കാണ് ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍, അയക്കുന്നതിന്റെ അളവ് എത്രയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അവ്യക്തമായ ഉത്തരവിന് പിന്നില്‍ നിഗൂഢതകള്‍ സംശയിക്കപ്പെടുന്നു. അളവ് എത്രയെന്ന് വ്യക്തമാക്കാത്തതിനാല്‍ ഇതിന്റെ മറവില്‍ എത്ര ലിറ്റര്‍ മദ്യം വേണമെങ്കിലും കയറ്റി അയക്കാനുള്ള സാധ്യതയുണ്ട്.

ഒരു തവണ അനുവദിച്ചതുകൊണ്ട് ഇനിയും മദ്യം കയറ്റി അയക്കണമെന്ന ആവശ്യം ഉയര്‍ന്നേക്കാം. അബ്കാരി ചട്ടങ്ങളില്‍ മാറ്റംവരുത്തി മാത്രം ചെയ്യേണ്ട നടപടി മന്ത്രിസഭയുടെ മുന്നില്‍ പോലും മന്ത്രി എം.ബി. രാജേഷ് സമര്‍പ്പിച്ചിട്ടില്ലെന്ന് ഈ ഉത്തരവില്‍ നിന്ന് വ്യക്തമാണ്.

കൊച്ചി, ബേപ്പൂര്‍ പോര്‍ട്ട് വഴിയാണ് ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കുക. കേരളത്തിലെ ഒരു എക്സൈസ് മന്ത്രിയും ചെയ്യാത്ത കാര്യത്തിനാണ് രാജേഷ് പച്ചക്കൊടി കാട്ടിയത്. ബംഗാരം ദ്വീപിലേക്കാണ് മദ്യം കയറ്റി അയക്കുന്നത്.