വാഹന പരിശോധനക്കിടെ വയോധികനെ മർദിച്ച എസ്.ഐയെ സ്ഥലം മാറ്റി | Video

Jaihind News Bureau
Wednesday, October 7, 2020

കൊല്ലം : വാഹനപരിശോധനയ്ക്കിടെ ചടയമംഗലത്ത് വയോധികനെ നടുറോഡിൽ മർദ്ദിച്ച പ്രോബേഷൻ എസ്.ഐ ഷജീമിനെ സ്ഥലം മാറ്റി. നടപടിയുടെ ഭാഗമായി കഠിന പരിശീലനത്തിന് കെ.എ.പി 5-ാം ബറ്റാലിയനിലേക്കാണ്‌ മാറ്റിയത്. അന്വേഷണത്തിന് ശേഷം തുടർനടപടി കൈക്കൊള്ളും.

ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ചടയമംഗലം പ്രൊബേഷൻ എസ്.ഐ രോഗിയായ വൃദ്ധനെ ക്രൂരമായി മർദിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. രാമാനന്ദനേയും സമീപവാസി പൊടിമോനെയും മഞ്ഞപ്പാറ ജംഗ്ഷനിൽ വെച്ചാണ് ചടയമംഗലം പൊ ലീസ്പരസ്യമായി മർദ്ദിച്ചത്. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ തടഞ്ഞ പോലീസ്, ഹെൽമറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്നും പിഴ കോടതിയിൽ അടയ്ക്കാമെന്നും അറിയിച്ചതോടെ കുപിതനായ എസ്.ഐ രാമാനന്ദനെ മർദ്ദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയുമായിരുന്നു.

രോഗിയാണെന്ന് രാമാനന്ദൻ അറിയിച്ചെങ്കിലും പ്രൊബേഷൻ എസ്.ഐ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ആദ്യം പൊടിമോനെ വാഹനത്തിൽ കയറ്റി. രാമാനന്ദൻ നായരെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ പ്രതിരോധിക്കുകയും നജീം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. ഇതിനിടെയാണ് രോഗിയായ വയോധികനെ കരണത്തടിച്ചത്. ഹെൽമറ്റില്ലാത യാത്ര ചെയ്തതിനും പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറൽ എസ്.പി ആവശ്യപ്പെട്ടു.