കത്തോലിക്കാ സഭയുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലേഖനം പിന്‍വലിച്ചത് കൊണ്ട് ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ലെന്നും ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നല്‍കുന്നത്.
കത്തോലിക്കാ സഭയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആര്‍.എസ്.എസ് മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ഓര്‍ഗനൈസറില്‍ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല. അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. വഖഫ് ബില്ലിനെ ശക്തമായി എതിര്‍ത്തത് പോലെ ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേയും കോണ്‍ഗ്രസ് എതിര്‍ക്കും.
രാജ്യ വ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് ബി.ജെ പിക്ക് മൗനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുക എന്നതാണ് മറുപടി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയുമെന്നും കപട ന്യൂനപക്ഷ സ്‌നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാറിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.