ഗുലാബ് ചുഴലിക്കാറ്റില്‍ 3 മരണം ; സംസ്ഥാനത്ത് മഴ തുടരുന്നു, 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Jaihind Webdesk
Monday, September 27, 2021

ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടിഞ്ഞുവീണ് 46 കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയുണ്ട്. ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒഡീഷ ആന്ധ്ര തീരം തൊട്ടത്. അതേസമയം പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന ‘മിണ്ടുല്ലെ’ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും ബാക്കി 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. നഗര പ്രാദേശങ്ങളിൽ മഴയ്ക്ക് അല്പം ശമനം ഉണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ഇപ്പോഴും തുടരുകയാണ്.

മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മലയിടിഞ്ഞു. വലിയ പാറകളാണ് റോഡിലേക്ക് വീണിരിക്കുന്നത്. വഴി പൂർണമായും അടഞ്ഞു.  കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇന്നലെ വീണ്ടും ഇടിഞ്ഞിരിക്കുന്നത്. ബൈസൺവാലിക്ക് പോകുന്ന ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ അകലെയാണ് ഇന്നലെ രാത്രി 11.30 ഓടെ മലയിടിഞ്ഞത്

ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ 20 സെന്‍റീമീറ്റർ വീതം ഉയർത്തി. നദികളിൽ 2 മീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട്. അപ്പർ കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ വിവിധയിടങ്ങളിൽ 11 – 19 സെന്‍റീമീറ്റർ വരെ മഴ ലഭിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശമുണ്ട്.